കല്ലേറ്റുംകര: സിസിടിവി ദൃശ്യങ്ങളിലെ മധ്യ വയസ്കന്റെ നഗ്നതാ പ്രദർശനം അന്വേഷണം വീടിനു പരിസരത്തുള്ള മൂന്നു പേരിലേക്ക്. മോഷണ ശ്രമമല്ല ഇതിനു പിന്നിലെന്നും മറ്റൊന്തോ ഉദ്ദേശമാണെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പങ്കുണ്ടെന്നു സംശയിക്കപ്പടുന്നവരുടെ പ്രവർത്തനങ്ങൾ പോലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
രാത്രികാലങ്ങളിൽ കള്ളന്മാരുടെ ആക്രമണത്തിൽനിന്നും രക്ഷപ്പെടാനാണു കല്ലേറ്റുംകരയിലെ ഈ വീട്ടുക്കാർ സിസിടിവി വച്ചത്. എന്നാൽ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് നഗ്നത പ്രദർശവുമായെത്തിയ മധ്യവയസ്കനെയാണ്. അമ്മയും മകളും മാത്രമാണു ഈ വീട്ടിൽ താമസിക്കുന്നത്. വീടിന്റെ സുരക്ഷയ്ക്കായാണു സിസിടിവി ഘടിപ്പിച്ചതെങ്കിലും കള്ളന്മാരെ മാത്രം ഭയന്നാൽ പോരെന്ന് ഇതോടെ വ്യക്തമായി.
രാത്രികാലങ്ങളിൽ വീട്ടിൽ ആരോ വരുന്നതായി വീട്ടുകാർക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ അതു മോഷ്ടാവാണെന്നുള്ള ധാരണ സിസിടിവി ദൃശ്യങ്ങൾ കണ്ടതോടെ മാറി. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന മൂത്ത മകൾ പങ്കുവെച്ച ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറത്തറിയുന്നത്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ 40 വയസ് തോന്നുന്ന പുരുഷനാണു സിസിടിവിയിൽ പതിഞ്ഞത്.
മാന്യമായി വസ്ത്രം ധരിച്ചെത്തി കുറച്ച് സമയങ്ങൾക്കുശേഷം ഇയാളുടെ വേഷം ഒരു മുണ്ട് മാത്രമായി. ഇരുനില വീട്ടിൽ ആദ്യം കിടപ്പുമുറികളുടെ ജനാലകൾക്ക് അരികിലും പിന്നീട് ബാത്ത് റൂമിന് സമീപവും ഇയാൾ എത്തിയതായി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്.
മുകൾ നിലയിലെ ബാത്ത്റൂമിന് പുറത്ത് ആരോ ഉണ്ടെന്ന് സംശയം തോന്നിയ സഹോദരി സിസിടിവി പരിശോധിച്ചപ്പോഴാണു നഗ്നനായി സിഗരറ്റ് വലിച്ച് നടക്കുന്ന ഇയാളെ കണ്ടത്. ഇതോടെ അയൽക്കാരെയും പോലീസിനെയും വിവരമറിയിച്ചു. ഗേറ്റ് പൂട്ടിയിരുന്നതിനാൽ അയൽവാസികൾ അകത്ത് എത്തുന്പോഴേക്കും ഇയാൾ കടന്നുകളയുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണു ഇതിനു മുന്പ് പലതവണ രാത്രിയിൽ ഇയാൾ വീടിനു സമീപം എത്തിയത് ശ്രദ്ധയിൽപെടുന്നത്. എന്നാൽ ഇയാൾ ഏതു ഭാഗത്തുനിന്നാണു വരുന്നതെന്നോ എങ്ങോട്ടാണു പോകുന്നതെന്നോ ദൃശ്യങ്ങളിൽ വ്യക്തമല്ല. സ്ഥലത്തെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.