കടുത്തുരുത്തി: കോതനല്ലൂരിലും പരിസര പ്രദേശങ്ങളിലും സ്കൂൾ വിദ്യാർഥികളെ നഗ്നത കാണിക്കുന്ന യുവാവിനെ തേടി നാട്ടുകാരും പോലീസും. മാസങ്ങളായി ഇയാൾ പല പ്രദേശങ്ങളിലായി എത്തിയാണ് രാവിലെ സ്കൂളിലേക്കു പോകുന്ന കുട്ടികളെ നഗ്നത കാണിക്കുന്നത്.
ഈ ദിവസങ്ങളിൽ ഇയാളുടെ ശല്യം വർദ്ദിച്ചതോടെ പോലീസിനെതിരെ നാട്ടുകാരും സ്കൂൾ അധികൃതരും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. നന്പർ പ്ലേറ്റ് മറച്ച ബൈക്കിലെത്തിയാണ് ഹെൽമെറ്റ് ധരിച്ച പ്രതിയുടെ അതിക്രമം. കൂടുതലായും കോതനല്ലൂർ തുവാനിസ റോഡിലും കോതനല്ലൂർ ഫൊറോനാ പള്ളിയുടെ പാരീഷ് ഹാളിന് സമീപത്തുമായിട്ടാണ് ഇയാളെ കണ്ടിട്ടുള്ളതെന്നു വിദ്യാർഥികൾ പറയുന്നു. വിദ്യാർഥികൾ തനിയെ വരുന്ന ഒറ്റപ്പെട്ട പ്രദേശം കണ്ടെത്തിയാണ് ഇയാളുടെ പരാക്രമം.
പെണ്കുട്ടികൾ അടക്കമുള്ള വിദ്യാർഥികൾ ഇയാളുടെ ശല്ല്യത്തെ തുടർന്ന് തനിച്ചു നടന്നു സ്കൂളിൽ പോകാൻ ഭയപ്പെടുകയാണ്. രക്ഷിതാക്കൾ വിദ്യാർഥികൾക്ക് തുണ പോകേണ്ട അവസ്ഥയാണ് നാട്ടിലുണ്ടായിരിക്കുന്നത്. സംഭവം സംബന്ധിച്ചു പലതവണ പരാതി ഉയർന്നിട്ടും പ്രതിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും പരാതി.
കുട്ടികൾക്കു ഭയമില്ലാതെ സ്കൂളിൽ പോയി വരാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാണ് അധ്യാപകരും ആവശ്യപെടുന്നത്. കോതനല്ലൂർ, ചാമക്കാല പ്രദേശത്ത് കഞ്ചാവ് ഉൾപെടെയുള്ള ലഹരി ഉപയോഗിക്കുന്ന സാമൂഹ്യവിരുദ്ധരുടെ ശല്ല്യവും ഏറിയിട്ടുണ്ടെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിട്ടുണ്ട്. മോഷണവും സാമൂഹ്യവിരുദ്ധ ശല്ല്യവും മൂലം കോതനല്ലൂർ, ചാമക്കാല പ്രദേശങ്ങളിലെ ജനം പൊറുതി മുട്ടുകയാണ്.
ചാമക്കാലയിൽ വീടിന്റെ ടെറസിൽ ഉണക്കാനിട്ടിരുന്ന നാൽപതോളം റബർ ഷീറ്റുകൾ അടുത്ത നാളിൽ മോഷണം പോയിരുന്നു. ചാമക്കാല കോളനിക്ക് സമീപം വട്ടത്തൊട്ടി ബേബിയുടെ വീട്ടിലാണ് മോഷണം നടന്നത്. രാത്രിയിൽ വീടിന്റെ പോർച്ചിലിരുന്ന ബൈക്കിൽ നിന്നും പെട്രോൾ മോഷ്ടിച്ച സംഭവവും ഇവിടെ ഉണ്ടായിരുന്നു.
തടത്തിൽ ബിബിൻ ബെന്നിയുടെ ബൈക്കിൽ നിന്നാണ് പെട്രോൾ കവർന്നത്. ബൈക്കിന്റെ പെട്രോൾ വരുന്ന ട്യൂബ് മുറിച്ചു നശിപ്പിച്ച ശേഷമായിരുന്നു മോഷണം. സമീപവാസിയായ മറ്റൊരാളുടെ വീട്ടിലും മോഷണം നടന്നിരുന്നു. ഇവിടത്തെയും ബൈക്കിൽ നിന്നും പെട്രോൾ മോഷ്ടിക്കുകയായിരുന്നു. പ്രശ്ന പരിഹാരത്തിന് പോലീസ് അടിയന്തര നടപടികൾ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.