കാസര്‍ഗോഡ്: പണം തട്ടാന്‍ പുതുവഴികളുമായി ഓണ്‍ലൈന്‍ തട്ടിപ്പു സംഘങ്ങള്‍ സജീവമാകുന്നു.
മാധ്യമപ്രവര്‍ത്തകനായ ദേലംപാടി അഡൂര്‍ സ്വദേശി പുരുഷോത്തമന് കഴിഞ്ഞയാഴ്ച തപാല്‍ വഴി മുംബൈ മേല്‍വിലാസത്തില്‍ ഒരു കവര്‍ ലഭിച്ചു. തുറന്നു നോക്കിയപ്പോള്‍ അതിനുള്ളില്‍ ഒരു സ്ക്രാച്ച് ആന്‍ഡ് വിന് കാര്‍ഡ്.
ഓണ്‍ലൈന്‍ സ്റ്റോറായ നാപ്റ്റോളിന്റെ 12-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് സമ്മാന കൂപ്പണ്‍ അയയ്ക്കുന്നതെന്ന് ഇതോടൊപ്പമുള്ള കത്തില്‍ പറയുന്നു.
കാര്‍ഡ് ഉരച്ചു നോക്കിയപ്പോള്‍ ലഭിച്ചത് ഒന്നാം സമ്മാനമായ 14.8 ലക്ഷം രൂപ വിലപിടിപ്പുള്ള കിയ സെല്‍റ്റോസ് കാര്‍.
കത്തിലുള്ള നമ്പറില്‍ വിളിച്ചപ്പോള്‍ കാര്‍ വിലയുടെ ഒരു ശതമാനം തുകയായ 25,600 രൂപ മുന്‍കൂറായി അടയ്ക്കാന്‍ ആവശ്യപ്പെട്ടു. അടുത്തദിവസം കഴിഞ്ഞ് മറുപടി പറയാമെന്ന് പുരുഷോത്തമന് പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് നാപ്റ്റോളില്‍നിന്ന് ഒരു വാട്ടര്‍ ടാങ്ക് ക്ലീനര്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതായും എന്നാല്‍ സമ്മാനമടിച്ചതായി തുടക്കത്തില്‍ വിശ്വസിച്ചിരുന്നെന്നും പുരുഷോത്തമന് പറഞ്ഞു.
എന്നാല്‍ വെബ്സൈറ്റ് പരിശോധിച്ചപ്പോള്‍ ഇത്തരമൊരു വാര്ഷികാഘോഷത്തെക്കുറിച്ചോ സമ്മാനപദ്ധതിയെക്കുറിച്ചോ യാതൊരു പരാമര്‍ശവുമില്ലാത്തത് സംശയത്തിനിടയാക്കി.
പിറ്റേന്നു വിളിച്ചപ്പോള്‍ പണം അക്കൗണ്ടില്‍ നല്കാന് കഴിയില്ലെന്നും നേരിട്ട് മുംബൈയിലെത്തി കാര്‍ ഏറ്റുവാങ്ങിക്കൊള്ളാമെന്നും പറഞ്ഞു.
എന്നാല്‍ കോവിഡിന്റെ പേരു പറഞ്ഞ് ഫോണില്‍ സംസാരിച്ചയാള്‍ അത് നിരുത്സാഹപ്പെടുത്തി. എന്നാല്‍ മുംബൈയിലുള്ള തന്റെ സുഹൃത്ത് മുഖേന പണം എത്തിക്കാമെന്ന് പറഞ്ഞു.
എന്നാല്‍ സുഹൃത്ത് നാപ്റ്റോള്‍ ഓഫീസില്‍ അന്വേഷിച്ചിട്ടും ഇങ്ങനെയൊരു സമ്മാനപദ്ധതി തങ്ങള്‍ക്കില്ലെന്നും തങ്ങളുടെ ഓഫീസില്‍നിന്ന് ഇങ്ങനെയൊരു ഫോണ്‍ കോള്‍ പോയിട്ടില്ലെന്നുമായിരുന്നു മറുപടി.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഫോണ്‍കോള്‍ വന്നത് പശ്ചിമ ബംഗാളില്‍നിന്നാണെന്ന് വ്യക്തമായി. ഇയാളെ വീണ്ടും വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
സമാനമായരീതിയില്‍ കാസര്‍ഗോഡ് നിന്നു മാത്രം രണ്ടു പേരില്‍ നിന്നുമായി യഥാക്രമം ഒരു ലക്ഷവും 40,000 രൂപയും തട്ടിയെടുത്തതായി വിവരമുണ്ട്.