നിയാമി: അയൽരാജ്യങ്ങളിൽനിന്ന് ആക്രമണഭീഷണി നേരിടുന്ന നൈജറിലെ പട്ടാളഭരണകൂടം രാജ്യത്തെ വ്യോമാതിർത്തി അടച്ചു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഇക്കോവാസ്’ ആണ് നൈജറിനെതിരേ ഭീഷണി മുഴക്കിയിട്ടുള്ളത്.
പട്ടാളം പുറത്താക്കിയ പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ കഴിഞ്ഞ ഞായറാഴ്ചയ്ക്കകം ഭരണത്തിൽ പുനഃപ്രതിഷ്ഠിച്ചില്ലെങ്കിൽ സൈനിക നടപടി നേരിടേണ്ടിവരുമെന്നാണ് അറിയിച്ചത്. സമയപരിധി അവസാനിച്ചശേഷം ഇക്കോവാസിന്റെ പ്രതികരണം ഉണ്ടായിട്ടില്ല.
വിദേശശക്തികൾ ആക്രമണത്തിനു തയാറെടുക്കുന്നുവെന്ന വിവരം ലഭിച്ചതായി നൈജറിലെ പട്ടാള നേതൃത്വം പറഞ്ഞു. രാജ്യത്തെ പ്രതിരോധിക്കാൻ പട്ടാളം ഒരുങ്ങിയെന്നും കൂട്ടിച്ചേർത്തു.
നൈജർ വ്യോമാതിർത്തിക്കുള്ളിൽ ഒരു വിമാനവും പറക്കുന്നില്ലെന്നാണു റിപ്പോർട്ടുകൾ.
ഇതിനിടെ, പട്ടാളഭരണം നിലവിലുള്ള അയൽരാജ്യങ്ങളായ മാലിയും ബുർക്കിനാ ഫാസോയും നൈജറിലേക്കു പ്രതിനിധിസംഘത്തെ അയച്ചിട്ടുണ്ട്. ആക്രമണം ഉണ്ടായാൽ നൈജറിനെ പിന്തുണയ്ക്കുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടുള്ളതാണ്.
ഇക്കോവാസ് നേതൃത്വം നൈജറിലെ പട്ടാള നേതൃത്വത്തിനു നല്കിയ കാലാവധി ദീർഘിപ്പിക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിനുള്ള മാർഗം നയതന്ത്രമാണെന്ന് ഇറ്റാലിയൻ വിദേശകാര്യമന്ത്രി അന്റോണിയോ തജാനി പറഞ്ഞു.
നൈജീരിയ അടക്കം 15 രാജ്യങ്ങൾ ഉൾപ്പെട്ട ഇക്കോവാസ് കഴിഞ്ഞ വെള്ളിയാഴ്ചയാണു നൈജറിനു മുന്നറിയിപ്പു നല്കിയത്. ആക്രമണത്തിനുള്ള പദ്ധതി തയാറാക്കിയെന്നാണ് ഇക്കോവാസ് നേതൃത്വം അറിയിച്ചിരിക്കുന്നത്.
നൈജർ പട്ടാള നേതൃത്വം റഷ്യയിലെ വാഗ്നർ ഗ്രൂപ്പ് കൂലിപ്പട്ടാളത്തിന്റെ സഹായം തേടിയതായും റിപ്പോർട്ടുണ്ട്.