ആരെങ്കിലും കൈനഖം കടിക്കുന്നതു കണ്ടാൽ അയാൾ ആകെ മാനസിക സമ്മർദത്തിലാണെന്നാണ് പൊതുവെയുള്ള ധാരണ. ജനസംഖ്യയുടെ 2030 ശതമാനം ആളുകൾ തങ്ങൾക്ക് ടെൻഷനുണ്ടാകുന്പോഴും ആത്മവിശ്വാസം നഷ്ടപ്പെടുന്പോഴും നഖം കടിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. സ്ത്രീകളിലാണ് ഈ സ്വഭാവം കൂടുതലുള്ളത്. ജേർണൽ ഓഫ് ബിഹേവിയർ തെറാപ്പി ആൻഡ് എക്സ്പിരിമെന്റൽ സൈക്യാട്രി ഈയിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ നഖം കടിയേക്കുറിച്ചുള്ള കൂടുതൽ കണ്ടെത്തലുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇവരുടെ പഠനമനുസരിച്ച് പെർഫെക്ഷണലിസ്റ്റുകളായ (പൂർണതാവാദികൾ) ആളുകളാണ് കൂടുതലായി നഖം കടിക്കുന്നത്. എന്തും പെർഫെക്ടായി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഇവർ ചെറിയ കാര്യങ്ങളിൽപോലും വേഗത്തിൽ ടെൻഷനടിക്കും. ഇവർക്ക് ഒരിക്കലും ആനായാസകരമായി ഒരു കാര്യവും ചെയ്തുതീർക്കാനാകില്ല. മനസിലുണ്ടാകുന്ന ഈ ആധിയാണ് നഖം കടിയായും മറ്റും പുറത്തുവരുന്നത്.
ഇങ്ങനെ നഖം കടിക്കുന്നതുകൊണ്ട് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാകുന്നില്ല. മറിച്ച് അത് നമ്മുടെ എനർജി ലെവലിൽ വ്യത്യാസം വരുത്തുകയും ടെൻഷൻ കുറയ്ക്കുകയും ചെയ്യുന്നു.
ചെറുപ്പം മുതൽ നഖം കടിക്കുന്നവർക്ക് പ്രതിരോധശേഷി കൂടുതലായിരിക്കുമെന്നും പഠനം പറയുന്നു. നഖങ്ങൾക്കിടയിൽ ബാക്ടീരിയകളും മറ്റും ഉണ്ടാകും. നഖം കടിക്കുന്നതുവഴി ഇവ വയറ്റിലെത്തി സ്വാഭാവിക വാക്സിനായി പ്രതിരോധശേഷി വർധിപ്പിക്കുമത്രേ. ഇത്രയൊക്കെയാണെങ്കിലും നഖം കടിക്കുന്നത് അത്ര നല്ല സ്വഭാവമല്ല.