മാവേലിക്കര: കഞ്ചാവ് വേട്ടയ്ക്കിടെ മാവേലിക്കര എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് വന്യജീവികളുടേതെന്ന് സംശയിക്കുന്ന നഖങ്ങള്‍.
തെക്കേക്കര വടക്കേമങ്കുഴി വാര്‍ഡില്‍ ചെമ്പള്ളില്‍ തെക്കതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന നൂറനാട് പുതുപ്പള്ളിക്കുന്നം ബിനു ഭവനത്തില്‍ വിഷ്ണുവിന്റെ (27) കൈയില്‍ നിന്നാണ് എക്സൈസിന് നഖങ്ങള്‍ ലഭിച്ചത്.
വിഷ്ണുവിന്റെ വീട്ടില്‍ കഞ്ചാവുണ്ടെന്നു സംശയിച്ച് എക്സൈസ് മിന്നല്‍ പരിശോധന നടത്തി. പരിശോധനയ്ക്കിടെയാണ് നഖങ്ങള്‍ കിട്ടിയത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് റാന്നി കരികുളം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഒന്നിച്ചുള്ള നാലുനഖങ്ങള്ക്കു പുറമേ ഓരോന്നു വീതമുള്ള രണ്ടു നഖങ്ങളും ലഭിച്ചു.
നഖങ്ങള്‍ വന്യജീവിയുടേതാണെന്ന് ഉറപ്പായെങ്കിലും ഏതു ജീവിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെ റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
ലാടവൈദ്യന്മാരില്നിന്ന് 1500 രൂപയ്ക്കു വാങ്ങിയ നഖങ്ങളാണെന്ന് വിഷ്ണു മൊഴി നല്‍കിയതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മാവേലിക്കര എക്സൈസ് ഇന്‍സ്പെക്ടര്‍ പി. സജു, പ്രിവന്റീവ് ഓഫീസര്‍ ബെന്നി മോന്, സിഇഒ മാരായ പ്രവീണ്‍, ആഷ്ബിന്‍, പി.യു. ഷിബു, സനല്‍ സിബിരാജ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.