ബാഴ്സലോണ: ലാലിഗയില്‍ ഇരുപത്തിമൂന്നിന് നടക്കുന്ന എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയുടെ സൂപ്പര്‍ താരം നെയ്മര്‍ക്കു കളിക്കാനാവില്ല. കഴിഞ്ഞ ദിവസം മലാഗയ്ക്കെതിരായി നടന്ന മത്സരത്തില്‍ 65-ാം മിനിറ്റില്‍ രണ്ടാമത്തെ മഞ്ഞക്കാര്‍ഡും നേടി ചുവപ്പു കാര്‍ഡ് കണ്ടതിനേത്തുടര്‍ന്ന് ലാലിഗയിലെ ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ നെയ്മര്‍ക്കു കളിക്കാനാവില്ല.
സാധാരണ ഗതിയില്‍ രണ്ട് മഞ്ഞക്കാര്‍ഡിലൂടെ ചുവപ്പു കാര്‍ഡ് ലഭിച്ചാല്‍ ഒരു മത്സരത്തില്‍ മാത്രമാണ് സസ്പെന്ഷന്. നേരിട്ടു ചുവപ്പുകാര്‍ഡ് ലഭിച്ചാലാണ് രണ്ടു മത്സരങ്ങളില്‍നിന്ന് പുറത്താകുന്നത്.
എന്നാല്‍, നെയ്മറുടെ ഫൗള്‍ നേരിട്ട് ചുവപ്പുകാര്‍ഡ് നല്കാന് പര്യാപ്തമായിരുന്നുവെന്ന് റഫറി ചൂണ്ടിക്കാണിച്ചതിനേത്തുടര്ന്നാണ് നെയ്മറെ രണ്ടു മത്സരങ്ങളില്‍നിന്നു വിലക്കിയത്. നെയ്മറുടെ അഭാവം കനത്ത തിരിച്ചടിയാണ് ബാഴ്സയ്ക്ക് . ഈ സീസണില്‍ ബാഴ്സയുടെ മുന്നേറ്റങ്ങള്‍ക്കു പ്രധാനമായും ചുക്കാന്‍ പിടിച്ചത് നെയ്മറായിരുന്നു.
ഗോള്‍ നേടുന്നതിനേക്കാള്‍ ഗോള്‍ ഒരുക്കുന്നതില്‍ മികവു പുലര്‍ത്തിയ നെയ്മര്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ച താരമാണ്. മെസിയുടെ നിഴലിലൊതുങ്ങാതെ സ്വന്തമായി സ്പേസ് കണ്ടെത്തി ഉജ്വലമായി കളിക്കുന്ന നെയ്മര്‍ ഇല്ലാതെ ബാഴ്സ എല്‍ ക്ലാസിക്കോയില്‍ ഇറങ്ങുന്നതില്‍ പരിശീലകന് ലൂയിസ് എന്‍ റിക്കെ ആശങ്കയിലാണ്. റയലിന്റെ സാന്റിയാഗോ ബെര്‍ണാബുവിലാണ് മത്സരമെന്നതും എന്‍ റിക്കെയുടെ ചങ്കിടിപ്പു കൂട്ടുന്നു.