പാരീസ്: പാര്‍ക്ക് ഡെ പ്രിന്‍സസ് സ്റ്റേഡിയത്തില്‍ നെയ്മറുടെ ബൂട്ടുകള്‍ ഇനി നൃത്തംവയ്ക്കും. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളായ ബ്രസീലിന്റെ അദ്ഭുത താരം ബാഴ്സ വിട്ടു. നെയ്മറുടെ പുതിയ തട്ടകം ഇനി ഫ്രഞ്ച് ക്ലബ് പാരീ സാന്‍ ഷര്മെയ്ന്. മൂക്കത്ത് വിരല്‍ വയ്ക്കുന്ന തുകയ്ക്കാണ് നെയ്മര്‍ പിഎസ്ജിയില്‍ ചേക്കേറുന്നത്. 19.6 കോടി പൗണ്ടിനാണ് (ഏകദേശം 1646 കോടി രൂപ) നെയ്മര്‍ ലീഗ് വണ്‍ ടീമിലേക്ക് ചേക്കേറുന്നത്.
നെയ്മറെ വാങ്ങുന്നതിന് പിഎസ്ജി മുടക്കേണ്ട തുകയാണിത്. തുക ബാഴ്സയ്ക്ക് ഒരുമിച്ചു നല്‍കുകയും വേണം. ഇതോടെ ലോകത്തെ ഏറ്റവും വലിയ താരക്കൈമാറ്റം നെയ്മറുടേതാകും. തീര്‍ന്നില്ല, ആറു വര്‍ഷത്തേക്കുള്ള കരാറില്‍ നെയ്മര്‍ക്ക് പിഎസ്ജി നല്‍കേണ്ട തുക 15.6 കോടി പൗണ്ടാണ്, ഏകദേശം 1313 കോടി രൂപ. നെയ്മറുടെ വാങ്ങലുമായി ബന്ധപ്പെട്ട് പിഎസ്ജി ആകെ മുടക്കുന്നത് 35.2 കോടി പൗണ്ട്, അതായത് 2956 കോടി രൂപ. ഈ തുകയുണ്ടെങ്കില്‍ ഒരു ക്ലബ്ബിനെ മുഴുവന്‍ വിലയ്ക്കു വാങ്ങാം എന്നതാണ് വാസ്തവം.
മണിക്കൂറില്‍ നെയ്മറുടെ വരുമാനം 2.5 ലക്ഷം രൂപ!
നെയ്മറുടെ ഒരാഴ്ചത്തെ ശമ്പളം അഞ്ചുലക്ഷം പൗണ്ടാണ്. അതായത്. 421 ലക്ഷം രൂപ, ഒരു ദിവസം 60 ലക്ഷം രൂപ. ഒരു മണിക്കൂറിലേതു കണക്കുകൂട്ടിയാല്‍ 2.5 ലക്ഷം രൂപ! താന്‍ ക്ലബ് വിടുകയാണെന്ന വിവരം ഇന്നലെ പരിശീലനത്തിനെത്തവേ നെയ്മര്‍ സഹതാരങ്ങളോട് പറഞ്ഞു. ക്ലബ് വിടരുതെന്ന് സൂപ്പര്‍ താരങ്ങളായ മെസിയും സുവാരസും പിക്വെയും ഒക്കെ ആവശ്യപ്പെട്ടിട്ടും നെയ്മര്‍ ക്ലബ് വിടാന്‍ തീരുമാനിക്കുകയായിരുന്നു. നെയ്മര്‍ ക്ലബ് വിടുന്നുവെന്ന് ബാഴ്സ അധികൃതരും ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.
ഇതുവരെ ഏറ്റവും വലിയ താരക്കൈമാറ്റത്തിന്റെ റിക്കാര്‍ഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോള്‍ പോഗ്ബയുടെ പേരിലായിരുന്നു. കഴിഞ്ഞ വര്‍ഷം യുവന്റസില്‍നിന്ന് താരം മാഞ്ചസ്റ്ററില്‍ എത്തിയത് 8.93 കോടി പൗണ്ടിനായിരുന്നു. ഏകദേശം 750.12 കോടി രൂപയ്ക്ക്. അതിന്റെ ഇരട്ടിയോളം തുകയാണ് നെയ്മറിനമായി പിഎസ്ജി മുടക്കുന്നത്. ഈ സീസണില്‍ മറ്റ് ഒരു താരത്തെയും ക്ലബ് വാങ്ങിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.
പിഎസ്ജിയുടെ ചരിത്രത്തില്‍ ടീമിലെത്തുന്ന 27-ാമത്തെ ബ്രസീലിയന്‍ താരമാണ് നെയ്മര്‍. ഡാനി ആല്‍വ്സ്, തിയാഗോ സില്‍വ, ലൂക്കാസ് മോറ, മാര്‍ക്കിഞ്ഞോസ് എന്നീ ബ്രസീല്‍ താരങ്ങള്‍ ഇപ്പോള്‍ തന്നെ പിഎസ്ജിക്കൊപ്പമുണ്ട്. ഇതിഹാസ താരങ്ങളായ ലിയനാര്‍ഡോ, റൊണാള്‍ഡീഞ്ഞോ തുടങ്ങിയവര്‍ പിഎസ്ജിക്കു വേണ്ടി ബൂട്ട് കെട്ടിയ ബ്രസീലിയന്‍ താരങ്ങളാണ്. അതേസമയം, നെയ്മര്‍ ക്ലബ് വിടുന്നതില്‍ ബാഴ്സ മാനേജ്മെന്റ് അതൃപ്തരാണ്.
യുവേഫയുടെ ധനകാര്യ ചട്ടങ്ങളും ഫെയര്‍ പ്ലേ നിയമങ്ങളും ലംഘിക്കുന്ന ഒരു കൈമാറ്റമാണ് ഇതെന്നു ബാഴ്സ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബാഴ്സയുടെ നിലപാടിനൊപ്പം യുവേഫ നിന്നാല്‍ താരക്കൈമാറ്റം അസാധുവാകും.