പാരീസ്: 12 മാസം മുമ്പ് ലയണല്‍ മെസിയുടെ നിഴലില്‍നിന്ന് പുറത്തുവരാന്‍ ബാഴ്സലോണയില്‍നിന്ന് പാരീസ് സാന്‍ ഷെര്മയിനിലേക്കുള്ള കൂടുമാറ്റത്തോടെ നെയ്മര്‍ ലോകത്തെ ഏറ്റവും വിലയേറിയ ഫുട്ബോള്‍ താരമായി.
ലോകത്തെ മികച്ച കളിക്കാരിലൊരാളെന്ന പേരും നെയ്മര്‍ക്ക് വലിയ തുക നല്കാന് പിഎസ്ജിയെ പ്രേരിപ്പിച്ചിരുന്നു. പുതിയ സീസണിലും നെയ്മര്‍ പിഎസ്ജിക്കൊപ്പം തുടര്‍ന്നു. സീസണ് ആരംഭിക്കുമ്പോള്‍ നെയ്മര്‍-കൈലിയന്‍ എംബാപ്പെ കൂട്ടുകെട്ടിന്റെ പ്രകടനമാകും ശ്രദ്ധാകേന്ദ്രമാകുക.
ഞായറാഴ്ച കെയ്നെതിരേയുള്ള മത്സരത്തോടെയാണ് നിലവിലെ ലീഗ് വണ്‍ ചാമ്പ്യന്മാരായ പിഎസ്ജിയുടെ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിനു തുടക്കമാകുക. പിഎസ്ജിയുടെ പാര്‍ക് ഡെസ് പ്രിന്‍സസിലാണ് മത്സരം. ലീഗ് വണ്ണിന് ഇന്നലെ രാത്രി തുടക്കമായി. പുതിയ ലീഗ് സീസണു പിഎസ്ജി ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും നെയ്മറിലായിരിക്കും. കഴിഞ്ഞ സീസണിന്റെ അവസാന മൂന്നു മാസം കാല്‍പ്പാദത്തിനേറ്റ പരിക്കിനെത്തുടര്‍ന്ന് ബ്രസീലിയന്‍ താരത്തിനു നഷ്ടമായിരുന്നു.
ലോകകപ്പിനുശേഷം നെയ്മര്‍ പിഎസ്ജി ഫ്രാന്‍സ് വിട്ട് വീണ്ടും സ്പെയിനിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റയല്‍ മാഡ്രിഡുമായി കരാറിലാകുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നെയ്മര്‍ തന്നെ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. പിഎസ്ജിയില്‍ 31 കളിയില്‍ 28 ഗോള്‍ നെയ്മര്‍ നേടി.
പരിക്കിനുശേഷം ലോകകപ്പിനിറങ്ങിയ നെയ്മര്‍ക്ക് ബ്രസീലിനെ കിരീടത്തിലെത്തിക്കാനായില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ നെയ്മറുടെ ബ്രസീല്‍ ബെല്‍ജിയത്തോടു തോറ്റു പുറത്തായി.
എംബാപ്പെയാണെങ്കില് ലോകകപ്പിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനുവേണ്ടി മികച്ച പ്രകടനം നടത്തി ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി. നാലു ഗോള്‍ നേടി. ഇതിലെ രണ്ടു ഗോള്‍ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്ക്കെതിരേയായിരുന്നു.
ഇവര്‍ക്കൊപ്പം എഡിന്‍സണ്‍ കവാനിയും ചേരുമ്പോള്‍ പിഎസ്ജിയുടെ മുന്നേറ്റനിര ശക്തമാകും. മുമ്പ് മെസി-ലൂയിസ് സുവാരസ്- നെയ്മര്‍ കൂട്ടുകെട്ട് ആവേശം തീര്‍ത്തതുപോലെ എംബാപ്പെ, കവാനി എന്നിവര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ട് സ്ഥാപിക്കാനാണ് നെയ്്മര്‍ ലക്ഷ്യമിടുന്നത്. ഇവരിലൂടെ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനും പിഎസ്ജി ലക്ഷ്യമിടുന്നുണ്ട്.