ഒറ്റപ്പാലം : ഒറ്റപ്പാലത്ത് സ്ഥാപിച്ച 65 അടി ഉയരത്തിലുള്ള മെസിയുടെ കട്ടൗട്ടറിന് മറുപടിയായി ബ്രസീൽ ആരാധകർ 105 അടി ഉയരമുള്ള നെയ്മറിന്റെ പടുകൂറ്റൻ കട്ട്ഒൗട്ട് സ്ഥാപിച്ചു.
പാലക്കാട്-കുളപ്പുള്ളി പ്രധാന പാതയിൽ മെസ്സിയുടേതിന് എതിർവശത്തായിട്ടാണ് ബ്രസീൽ ആരാധകർ കട്ടൗട്ട് സ്ഥാപിച്ചത്. കേരളത്തിലെ തന്നെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ കട്ടൗട്ടാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.
ഒരുവശത്ത് മെസിയും എതിർവശത്ത് നെയ്മറും അണിനിരക്കുന്ന അർജന്റീനബ്രസീൽ മത്സരത്തിന്റെ കളം പോലെയാണ് ഇപ്പോൾ കട്ടൗട്ടറുകൾ സ്ഥാപിച്ചിരിക്കുന്നത്.
പാലക്കാട്-കുളപ്പുള്ളി പാതയോരത്ത് ഒറ്റപ്പാലം നഗരസഭ മാർക്കറ്റ് കോംപ്ലക്സിന് സമീപമാണ് നെയ്മറെ സ്ഥാപിച്ചിരിക്കുന്നത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ചിനക്കത്തൂർക്കാവ് പരിസരത്തുനിന്ന് ബൈക്ക് റാലിയുൾപ്പെടെയുള്ള ആഘോഷത്തോടെ റാലി നടത്തി.
സംസ്ഥാന യൂത്ത് ഫുട്ബോൾ ടീമിലെ മുൻതാരം വി.കെ. അലി അഷ്കർ ഫ്ളാഗ് ഓഫ് ചെയ്തു.തുടർന്ന് ഒറ്റപ്പാലം നഗരസഭാധ്യക്ഷ കെ.ജാനകീദേവി ഉദ്ഘാടനം ചെയ്തു.
നെയ്മറിന്റെ ചിത്രരൂപത്തിന് പുറമേ നാലടി ഉയരമുള്ള ലോകകപ്പിന്റെ മാതൃകയും ഉണ്ട്. ആരാധകർക്ക് ചിത്രങ്ങൾ പകർത്താനായുള്ള പ്രത്യേകസ്ഥലവുമുണ്ട്.