പരിക്കു നല്കിയ പൊട്ടലും വേദനയും മറന്ന് രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം നെയ്മർ തിരിച്ചെത്തി, ചില കളികൾ കളിക്കാനും ലോകകപ്പ് ഫുട്ബോളിൽ ബ്രസീലിന്റെ സ്വപ്നങ്ങൾക്ക് ചിറകുനല്കാനും…
പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫ്രഞ്ച് ക്ലബ് പാരീ സാൻ ഷെർമയ്ന്റെ സൂപ്പർ താരം പരിശീലനം ആരംഭിച്ചു. ശനിയാഴ്ച മുതലാണ് നെയ്മർ ജിമ്മിലും മൈതാനത്തുമായി സജീവമായിത്തുടങ്ങിയത്.
വലതു കാൽക്കുഴയിലെ പൊട്ടലിനു ശസ്ത്രക്രിയ നടത്തിയശേഷം ബ്രസീലിൽ ചികിത്സയിലായിരുന്ന നെയ്മർ വെള്ളിയാഴ്ച സ്വകാര്യ വിമാനത്തിലാണ് പാരീസിൽ എത്തിയത്. ഫെബ്രുവരി 25ന് ഫ്രഞ്ച് ലീഗിനിടെയാണ് നെയ്മറിനു പരിക്കേൽക്കുന്നത്.
തുടർന്ന് ബ്രസീലിലേക്കുപറന്ന നെയ്മർ മാർച്ച് മൂന്നിന് ശസ്ത്രക്രിയയ്ക്കു വിധേയനായി. അവസാന മെഡിക്കൽ ടെസ്റ്റ് നടത്തിയ ശേഷമേ നെയ്മർ പൂർണമായി പരിശീലനം ആരംഭിക്കുകയുള്ളൂ എന്നാണു സൂചന.
കൂടുതൽ സമയവും ജിംനേഷ്യത്തിലാണ് നെയ്മർ ചിലവിട്ടത്. ബൂട്ട് ഇടാതെ പുൽമൈതാനത്ത് എത്തി കുറച്ചു നേരം പന്ത് തട്ടുകയും ചെയ്തു. സീസണ് അവസാനത്തോടെ പിഎസ്ജിക്കായി സാധിക്കുമെങ്കിൽ നെയ്മർ കളിക്കുമെന്ന് ബ്രസീൽ ഫുട്ബോൾ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ പറഞ്ഞു. മേയ് 19നു ഫ്രഞ്ച് ലീഗിൽ പിഎസ്ജിയുടെ അവസാന മത്സരത്തിൽ നെയ്മർ കളിക്കുമെന്നാണ് സൂചന.