ബാഴ്സലോണ: ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ മെസിക്കൊപ്പം ബാഴ്സയിൽ വീണ്ടും കാണാനാവുമോ? നെയ്മറെ തിരികെ എത്തിക്കാൻ സ്പാനിഷ് വമ്പൻമാർ പിഎസ്ജിയുമായി ചർച്ച നടത്തിവരികയാണെന്നാണ് ഒടുവിലെ വാർത്ത. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇനിയും ധാരാളം ജോലികൾ ബാക്കിയുണ്ടെന്നും രണ്ട് ക്ലബ്ബുകളും അറിയിച്ചതായി ബിബിസി റേഡിയോ റിപ്പോർട്ട് ചെയ്തു.
നെയ്മർ ബാഴ്സയിൽ എത്തുമോ എന്നതിൽ നിർണായക വ്യക്തിയാവുക ഒസ്മാൻ ഡെംബെലെയാവും. ഡെംബെലെയെ നെയ്മർക്കു പകരം വിട്ടുനിൽകണമെന്നാണ് പിഎസ്ജിയുടെ ആവശ്യം. ചർച്ചകൾക്കായി ബാഴ്സയിൽനിന്നുള്ള സംഘം പാരീസിലേക്ക് വിമാനം കയറിയിട്ടുണ്ട്. കരാറിലെത്തിയിട്ടില്ല, ചർച്ചകൾ നടക്കുകയാണ്, കരാറിലേക്ക് കൂടുതൽ അടുക്കുന്നതായും ബാഴ്സയുടെ ബോർഡ് അംഗം പറഞ്ഞു.
ഒരു കളിക്കാരനെയെങ്കിലും ലഭിക്കാതെ നെയ്മറെ കൈമാറാൻ പിഎസ്ജി തയാറല്ല. അവരുടെ ആഗ്രഹപ്പട്ടികയിൽ ഡെംബെലെ ഒന്നാമതാണ്. 2017 ലാണ് റിക്കാർഡ് തുകയ്ക്ക് നെയ്മർ പിഎസ്ജിയിലെത്തിയത്.