പാരീസ്: ഫ്രഞ്ച് ക്ലബ് പാരീസ് സാൻ ഷെർമയ്ന്റെ ബ്രസീൽ താരം നെയ്മറിന്റെ കാൽകുഴയ്ക്കേറ്റ പരിക്ക് ഗുരുതരം. നെയ്മറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്നും മേയ് വരെ വിശ്രമം ആവശ്യമാണെന്നും ബ്രസീൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകകപ്പ് ഫുട്ബോളിന് ഒരു മാസം മുന്പ് മാത്രമേ നെയ്മർ കളത്തിൽ തിരിച്ചെത്തൂ എന്നാണ് ബ്രസീലിൽനിന്നുള്ള റിപ്പോർട്ടുകൾ.
ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷയ്ക്കുമേലും പരിക്ക് വില്ലനാകുമോ എന്നതാണ് മറ്റൊരു ആശങ്ക. 2014 ലോകകപ്പിൽ നെയ്മറിന് പരിക്കേറ്റത് ബ്രസീലിന്റെ മുന്നേറ്റത്തെ സാരമായി ബാധിച്ചിരുന്നു. ക്വാർട്ടർ ഫൈനലിൽ കൊളംബിയയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റുവീണ നെയ്മറില്ലാതെയാണ് ബ്രസീൽ സെമിയിൽ ഇറങ്ങിയതും ജർമനിക്കെതിരേ വൻതോൽവിയോടെ പുറത്തായതും.
2014ലെ അതേ ഞെട്ടലോടെയാണ് നെയ്മറിന് പരിക്കേറ്റെന്ന വാർത്ത ബ്രസീൽ ശ്രവിച്ചത്. നെയ്മറിന്റെ കാൽകുഴ തെറ്റുകയും ചെറിയ പൊട്ടൽ ഉണ്ടാകുകയും ചെയ്തിട്ടുണ്ടെന്ന് പിഎസ്ജി വൃത്തങ്ങളും അറിയിച്ചു. ഞായറാഴ്ച നടന്ന മാഴ്സെല്ലെയ്ക്കെതിരായ ലീഗ് മത്സരത്തിനിടെയാണ് സൂപ്പർ താരത്തിനു പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്കുശേഷം രണ്ട് മാസം വിശ്രമം ആവശ്യമാണ്. അതിനാൽ മാർച്ച് ഏഴിന് നടക്കുന്ന ചാന്പ്യൻസ് ലീഗ് രണ്ടാം പ്രീക്വാർട്ടർ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെതിരേയും നെയ്മർ ഇറങ്ങില്ലെന്നും ഉറപ്പായി.