പാരീസ്: സൂപ്പർ താരം നെയ്മറിനു മൂന്നു മാസം കളത്തിനു പുറത്തിരിക്കേണ്ടിവന്നേക്കും. ശനിയാഴ്ച ശസ്ത്രക്രിയക്കു വിധേയനാകുന്ന നെയ്മറെ പരിശോധിച്ച ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ നെയ്മറിനു കളിക്കാനായേക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ ഈ മാസം ഏഴിനു റയൽ മാഡ്രിഡിനെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീക്വാർട്ടറിൽ നെയ്മറുടെ സേവനം ലഭിക്കാത്തത് പിഎസ്ജിക്കു തിരിച്ചടിയായി.
ശനിയാഴ്ച രാവിലെ ബ്രസീലിലെ ബെലോ ഹോറിസോണ്ടയിലായിരിക്കും നെയ്മറുടെ ശസ്ത്രക്രിയ നടക്കുക. പിഎസ്ജി ക്ലബിന്റെ ഡോക്ടർമാരും ബ്രസീൽ ദേശീയ ടീം അധികൃതരും ചേർന്നാണ് ശസ്ത്രക്രിയ നടത്തുന്നതിനു തീരുമാനമെടുത്തത്.
താരത്തിന്റെ പരിക്ക് ഗുരുതരമാണെന്നും കാലിനു പൊട്ടലുണ്ടെന്നും വാർത്ത വന്നതിനു പിന്നാലെയാണ് ബ്രസീൽ ഫുട്ബോൾ ടീം ഡോക്ടർ പാരീസിലെത്തിയത്. പിഎസ്ജിക്കുവേണ്ടി ഫ്രഞ്ച് ലീഗിൽ കളിക്കുന്നതിനിടെ ഞായറാഴ്ചയാണ് നെയ്മറിനു പരിക്കേറ്റത്.
നെയ്മറിന്റെ പരിക്ക് ബ്രസീൽ പരിശീലകൻ ടിറ്റെയെയും പ്രതിരോധത്തിലാക്കി. റഷ്യ, ജർമനി ടീമുകൾക്കെതിരായ സൗഹൃദ പോരാട്ടത്തിനുള്ള ബ്രസീൽ സം ഘത്തെ പ്രഖ്യാപിക്കുന്നത് ടിറ്റെ നീട്ടിവച്ചു. നെയ്മറിന്റെ പരിക്കിനെക്കുറിച്ചുള്ള വ്യക്തമായ രൂപമില്ലാത്തതിനാലാണ് ടീം പ്രഖ്യാപനം മാറ്റിവച്ചത്. മാർച്ച് ര ണ്ടിനു നടത്തേണ്ടിയിരുന്ന ടീം പ്രഖ്യാപനം 12ലേക്കു നീട്ടിവച്ചതായി ബ്രസീൽ ഫുട്ബോൾ കോണ്‍ഫഡറേഷൻ അറിയിച്ചു.