ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ സ്ട്രോസ്ബർഗിനെതിരായ മത്സരത്തിനിടെ കാലിനു പരിക്കേറ്റ പിഎസ്ജിയുടെ ബ്രസീൽ താരം നെയ്മർ ചാന്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിൽ ഉണ്ടാകില്ല.
പിഎസ്ജിയുടെ പരിശീലകൻ തോമസ് ടുഷലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുണൈറ്റഡിനെതിരായ ആദ്യപാദ ക്വാർട്ടർ പോരാട്ടത്തിനു മുന്പ് നെയ്മറിന് ശാരീരികക്ഷമത വീണ്ടെടുക്കാൻ സാധിക്കുമോ എന്ന കാര്യം സംശയമാണ്. നെയ്മർ ചികിത്സയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതും കൂടി വ്യക്തമായശേഷമേ, കളിക്കുമോയെന്ന കാര്യത്തിൽ ഉറപ്പു പറയാനാകൂ- ടുഷൽ പറഞ്ഞു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പരിക്കേറ്റ നെയ്മർ ഇല്ലാതെയായിരുന്നു പിഎസ്ജി നിർണായകമായ ചാന്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡിനെതിരേ ഇറങ്ങിയത്. ചാന്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നനേട്ടത്തിനായാണ് വൻതുക മുടക്കി പിഎസ്ജി സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയിൽനിന്ന് നെയ്മറെ ടീമിലെത്തിച്ചത്.