ബാഴ്സലോണ: ബ്രസീൽ താരം നെയ്മറുടെ പിഎസ്ജിയിലേക്കുള്ള കൂടുമാറ്റം അനിശ്ചിതത്വത്തിൽ. താരത്തിന്റെ കൈമാറ്റത്തുക ലാ ലിഗ നിഷേധിച്ചു. ബൈ ഔട്ട് ക്ലോസ് തുകയായ 222 ദശലക്ഷം യൂറോ നൽകാനുള്ള നെയ്മറിന്റെ അഭിഭാഷകരുടെ ശ്രമം ലാ ലിഗ അധികൃതർ നിഷേധിക്കുകയായിരുന്നു.
ബാഴ്സയുമായി 2021 വരെ കരാറുള്ള നെയ്മർ ക്ലബ് വിടുകയാണെങ്കിൽ വാങ്ങുന്ന ക്ലബ് ലാ ലിഗ വഴി ബാഴ്സലോണയ്ക്ക് ബൈ ഔട്ട് ക്ലോസ് തുക നൽകണമെന്നാണ് നിയമം. യുവേഫയുടെ സാമ്പത്തിക ചട്ടങ്ങൾ പാലിക്കാത്ത പിഎസ്ജി നൽകുന്ന തുക സ്വീകരിക്കില്ലെന്ന് ലാ ലിഗ അധികൃതരുടെ നിലപാട്. മൂന്നു വർഷ കാലയളവിൽ 30 ദശലക്ഷം യൂറോയിലേറെ നഷ്ടമുണ്ടാക്കിയ ക്ലബുൾക്കാണ് യുവേഫ സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തുന്നത്. 2014 ൽ ഇതേ പ്രശ്നത്തിൽ പിഎസ്ജിക്ക് യുവേഫ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.