സ്പാനിഷ് വന്പൻ ക്ലബ്ബായ റയൽ മാഡ്രിഡിൽ കളിക്കാനുള്ള താത്പര്യം വ്യക്തമാക്കി ബ്രസീൽ സൂപ്പർ ഫുട്ബോളർ നെയ്മർ. കാര്യങ്ങൾ അനുകൂലമായാൽ ഭാവിയിൽ റയലിനൊപ്പം കളിച്ചേക്കുമെന്നും ബ്രസീൽ ടെലിവിഷനു നല്കിയ അഭിമുഖത്തിൽ നെയ്മർ പറഞ്ഞു. സ്പാനിഷ് സൂപ്പർ ക്ലബ്ബായ ബാഴ്സലോണയിൽനിന്ന് 2017ൽ ഫ്രഞ്ച് ടീമായ പിഎസ്ജിയിലെത്തിയ നെയ്മർ നിലവിൽ പരിക്കേറ്റ് വിശ്രമത്തിലാണ്. തുടർച്ചയായ രണ്ടാം സീസണിലാണ് നെയ്മറിന്റെ കാലിനു പരിക്കേൽക്കുന്നത്.
റയൽ മാഡ്രിഡിലേക്ക് കൂടുമാറുകയാണെന്നു പറയുന്നില്ല. ബാഴ്സലോണയ്ക്കൊപ്പം കളിക്കണമെന്ന സ്വപ്നം ഫലംകണ്ടു. ലോകത്തിലെ വന്പൻ ക്ലബ്ബുകളിൽ ഒന്നാണ് റയൽ. അവർക്കൊപ്പം കളിക്കണമെന്ന് ഏതൊരു കളിക്കാരനും ആഗ്രഹമുണ്ടാകും. നിലവിൽ ഞാൻ പാരീസിൽ സന്തുഷ്ടനാണ് – നെയ്മർ പറഞ്ഞു.
പിഎസ്ജിയിൽ സഹതാരമായ കൈലിയൻ എംബാപ്പെ ലോക ഫുട്ബോളിൽ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.