പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോള്‍ ചാമ്പ്യന്മാരായ പാരീ സാന്‍ ഷെര്‍മയിന്‍ നെയ്മറെ വില്ക്കാന് തയാറെടുക്കുന്നതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017ല്‍ ലോക റിക്കാര്‍ഡ് തുകയ്ക്കാണ് നെയ്മറെ പിഎസ്ജി ബാഴ്സലോണയില്‍നിന്ന് സ്വന്തമാക്കിയത്.
പിഎസ്ജിക്കായി 58 കളിയില്‍ 51 ഗോളുമായി ബ്രസീലിയന്‍ സ്ട്രൈക്കര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ കളത്തിലും കളത്തിനു പുറത്തും നെയ്മറുടെ പെരുമാറ്റത്തില്‍ തൃപ്തി കുറവും പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലുമാണ് നെയ്മറെ വില്ക്കാന് ക്ലബ്ബിനെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നെയ്മര്‍ സഹകളിക്കാരുമായി സ്വരച്ചേര്‍ച്ചയിലല്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
നെയ്മറെ സ്വന്തമാക്കാൻ റയല്‍ മാഡ്രിഡിനും ബാഴ്സലോണയ്ക്കും താത്പര്യമുണ്ട്. ക്ലബ്ബിലെ വലിയ താരങ്ങളുടെ അഹങ്കാരം ക്ലബ് വച്ചുപൊറുപ്പിക്കില്ലെന്ന് പിഎസ്ജി ചെയര്‍മാനും സിഇഒയുമായ നാസര്‍ അല്‍ ഖലൈഫി പറഞ്ഞു. യൂറോപ്യന്‍ മത്സരങ്ങളില്‍ ക്ലബ് മികവ് പുറത്തെടുക്കാത്തതില്‍ നെയ്മറിന് പിഎസ്ജിയോട് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.