നെന്മാറ: ദേശീയപാത നിർമാണത്തിന് ചുരുങ്ങിയ വീതി 45 മീറ്ററാക്കി കേന്ദ്ര ദേശീയപാത മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചു. കഴിഞ്ഞമാസം പുറത്തിറക്കിയ നിർദേശത്തിലാണ് രണ്ടുവരി പാതയ്ക്ക് മുകളിലുള്ള ദേശീയപാതയുടെ വീതി 45 മീറ്ററാക്കി ഉയർത്തിയത്.
ഇതോടെ മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയെ വടക്കഞ്ചേരി- പൊള്ളാച്ചി ദേശീയപാതയാക്കി മാറ്റാനുള്ള സർവേ നടപടി വീണ്ടും നടത്തണം. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കിറ്റ്കോ (കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കണ്സൽട്ടൻസി ഓർഗനൈസേഷൻ ലിമിറ്റഡ്) പ്രാഥമിക സർവേ നടത്തിയിരുന്നു.
സർവേപ്രകാരം ദേശീയപാതയായി വികസിപ്പിക്കുന്പോൾ 20 മീറ്റാറായി ഉയർത്തിയാൽ മതിയെന്ന നിർദേശമാണ് സമർപ്പിച്ചത്. എന്നാൽ മേയ് 10ന് ദേശീയപാത മന്ത്രാലയം പുറത്തിറക്കിയ നിർദേശപ്രകാരം സർവേ വീണ്ടും നടത്തണം.
പ്രാഥമിക സർവേയിൽ ഈ പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം പ്രതിദിനം 7000 മുതൽ 9200 വരെയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഹൈവേ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം 5000 ത്തിനുമുകളിൽ വാഹനങ്ങൾ കടന്നുപോകുന്ന പാത ദേശീയപാതയായി ഉയർത്തുന്പോൾ 25-30 വർഷത്തെ വികസനം മുൻകൂട്ടി കണ്ടുവേണം സ്ഥലമേറ്റെടുക്കാനെന്നു നിർദേശിക്കുന്നു.
ഇത്തരത്തിൽ നിർബന്ധമായും 45 മീറ്റർ പാതവികസനത്തിനായി ഏറ്റെടുക്കണമെന്ന് നിർദേശിക്കുന്നു. ടാറിംഗ് നടത്തേണ്ട ഭാഗം, നടപ്പാത, മരങ്ങൾ വച്ചുപിടിപ്പിക്കേണ്ട സ്ഥലം എന്നിവ ചേർത്താണ് 45 മിറ്റർ ഭൂമി ഏറ്റെടുക്കേണ്ടത്. എന്നാൽ ദേശീയപാതയുടെ ഭാഗമായി വരുന്ന ബൈപ്പാസുകളും ഇത്തരത്തിൽ 45 മീറ്ററായി ഉയർത്തണം. പുതുക്കിയ നിർദേശപ്രകാരം ആറുവരിപാത നിർമിക്കുന്നതിന് 70 മീറ്റർ വീതിയിൽ സ്ഥലമെടുക്കാം.
ആശങ്ക പരിഹരിക്കും: എംഎൽഎ
നെന്മാറ: വടക്കഞ്ചേരി-പൊള്ളാച്ചി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുമെന്ന് കെ. ബാബു എംഎൽഎ പറഞ്ഞു.കേരളത്തിന്റെ ജനസാന്ദ്രത കണക്കിലെടുത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വീതി കുറയ്ക്കണം. ഇതിനായി സംസ്ഥാന സർക്കാർവഴി കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമെന്നും എംഎൽഎ പറഞ്ഞു.