മോഹന്‍ലാലും ജാക്കിച്ചാനും ഒന്നിക്കുന്നു; നായര്‍ സാന്‍ ഉടന്‍

Nair-sanജാക്കിച്ചാനും മോഹന്‍ലാലും ഒന്നിക്കുന്ന ആ സ്വപ്‌ന ചിത്രം നായര്‍സാന്‍  യാഥാര്‍ഥ്യമാകുന്നു. കണ്ണേ മടങ്ങുക എന്ന കന്നി ചിത്രത്തിലൂടെ തന്നെ നിരവധി അംഗീകാരങ്ങള്‍ നേടിയ ആല്‍ബേര്‍ട്ട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന നായര്‍ സാന്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ കൂടിച്ചേരല്‍. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരേ പടപൊരുടിയ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ജപ്പാനില്‍ താവളമടിച്ച് ഊര്‍ജം പകര്‍ന്ന തീപ്പൊരി പോരാളിയായിട്ടാണ് ലാല്‍ ചിത്രത്തിലെത്തുക.

ജപ്പാന്‍ ആയോധന കലയിലെ ആചാര്യനായി ആക്്ഷന്‍ വിസ്മയം ജാക്കിച്ചാനും എത്തും. 2008 ലാണ് ലാലും ജാക്കിച്ചാനും ഒന്നിക്കുന്ന നായര്‍ സാന്‍ എന്ന ചിത്രം പ്രഖ്യാപിച്ചത്. എന്നാല്‍ മോഹന്‍ ലാലിന്റെയും ജാക്കിച്ചാന്റെയും ഡേറ്റുകള്‍ ഒത്തു ചേരാത്തതും, ബഹുഭാഷ മാര്‍ക്കറ്റില്‍ ലാലിന് ഇന്നുള്ളതു പോലെ സ്വീകരണം ഇല്ലാത്തതും സിനിമ മുടങ്ങിപ്പോകാന്‍ കാരണമായി.  പുലിമുരുകന്‍ എന്ന ചിത്രം ദേശഭാഷകള്‍ക്കതീതമായി മോഹന്‍ലാലിന് സ്വീകാര്യമുണ്ട് എന്ന് തെളിയിച്ചു.

ഇത് മനസിലാക്കി യതോടെ നായര്‍ സാനിന്റെ നിര്‍മാണ ചുമതലയുള്ള, മിഡില്‍ ഈസ്റ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മോര്‍ഫസ് ഗ്രൂപ്പ് ലാലിനെ വീണ്ടും സമീപിച്ചു എന്നാണ് കേള്‍ക്കുന്നത്. ബോക്‌സോഫീസ് വേട്ട തുടര്‍ന്നു കൊണ്ടിരിക്കുന്ന പുലിമുരുകന്‍ ഇനി വിയറ്റ്‌നാം, ചൈനീസ് ഭാഷകളിലും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. അതിനിടെയാണ് ലാല്‍ ഫാന്‍സിന് ആവേശം കൊള്ളാന്‍ ഈ പുതിയ വാര്‍ത്ത കൂടി എത്തിയിരിക്കുന്നത്.

Related posts