ഒറ്റപ്പാലം: കൈത്തറി വസ്ത്രങ്ങൾക്ക് ഉൗടും പാവും നെയ്യുന്ന തൊഴിലാളികൾക്ക് ദുരിതപർവം.കെട്ട കാലത്തിന്റെ വറുതിയിലും ഓണവിപണിയുടെ പ്രതീക്ഷയിൽ മനസർപ്പിച്ച് കഴിയുകയാണിവർ. ഒറ്റപ്പാലം, കരിന്പുഴ, കുത്താന്പുള്ളി മേഖലകളിൽ പരന്പരാഗത തൊഴിൽ മേഖലയാണ് നെയ്ത്ത്.
തറികളുടെ സ്പന്ദനത്തിന് താളം നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞുവെങ്കിലും ഓണവിപണി ലക്ഷ്യമിട്ട് തറികൾ ചലിക്കാൻ തുടങ്ങിയിട്ടുണ്ട്.ഇന്ത്യയിലുടനീളവും വിദേശ രാജ്യങ്ങളിലും പ്രിയമേറിയ കൈത്തറി വസ്ത്രങ്ങളുടെ നാടാണ് മേൽപ്പറഞ്ഞവ.
ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കുത്താന്പുള്ളിയും പരന്പരാഗതമായ സമൂഹ ജീവിതവും തറികളും നെയ്ത്തുശാലകളും ഒക്കെയായി പഴമ വിടാത്ത നെയ്ത്തു ഗ്രാമമാണ്.ഗായത്രിപ്പുഴയുടെയും നിളയുടെയും സംഗമ ഭൂമിയാണ് ഈ ഗ്രാമം.
ഇവിടത്തെയും തറികളുടെ നാദം ഓരോ ജീവിതത്തിന്റെയും സ്പന്ദനം കൂടിയാണ്. കരിന്പുഴയടക്കമുള്ള ഗ്രാമങ്ങുടെ തറികളിൽ നേർത്ത തുണിയിൽ വിരിയുന്ന ഭംഗിയായ കസവുകളും ചിത്ര ചാതുരിയും മലയാളികളുടെ സൗന്ദര്യ ബോധത്തെ ഒന്നുകൂടി ഉണർത്തുകയായിരുന്നു.
കസവ് സാരികൾ, ഡബിൾ മുണ്ടുകൾ, വേഷ്ടി, സെറ്റ് മുണ്ട്, മംഗല്യ വസ്ത്രങ്ങൾ, പാവ് മുണ്ടുകൾ തുടങ്ങി എല്ലാം ഈ തറികളിൽ ശോഭ വിരിയിക്കുന്നു. കുത്താന്പുള്ളിയിലെ നെയ്ത്തുകാർ പൊതുവേ കുടിയേറിയെത്തിയ ദേവാംഗ സമുദായത്തിൽപ്പെട്ടവരാണ്.
500 വർഷം മുൻപ് കൊച്ചി രാജാവ് രാജകുടുംബങ്ങൾക്കു സ്വന്തമായി മനോഹര വസ്ത്രങ്ങൾ നെയ്തുണ്ടാക്കാൻ കർണാടകയിൽ നിന്ന് കൊണ്ടു വന്ന കുടുംബങ്ങളാണ് പിന്നീട് നാടിന്റെ വിവിധ ഭാഗങ്ങളിൽ വേരുറപ്പിച്ചത്.1,200 ദേവാംഗ കുടുംബങ്ങൾ വരെ ഒരുക്കാലത്ത് ഇവിടങ്ങളിലുണ്ടായിരുന്നു.
എന്നാൽ അഞ്ഞൂറോളം കുടുംബങ്ങളെ നെയ്ത്തുവേല ചെയ്തിരുന്നുള്ളു. നിലവിലെ സാമൂഹിക അന്തരീക്ഷം മൂലം ദേവാംഗ സമുദായം അന്യം നിന്നുവരികയാണ്.ഇപ്പോൾ വിപണികളിലെ നൂതന സാധ്യതകൾ മനസിലാക്കി പരന്പരാഗതമായ നെയ്ത്തു രീതികൾക്കൊപ്പം എംബ്രോയ്ഡറികൾ, ചിത്രങ്ങൾ, മ്യൂറൽ ആർട്ട് പോലുള്ള ഡിസൈനുകൾ തുടങ്ങിയവയും വസ്ത്രങ്ങളിൽ ചെയ്തു നൽകുന്നുണ്ട്.
ഡിസൈൻ സാരികളിലാണു കുത്താന്പുള്ളിക്കു പണ്ടേ പെരുമയുള്ളത്.രാവിലെ മുതൽ രാത്രി വരെ നെയ്തു നടക്കും. ഓണത്തിനും വിഷുവിനും ഉത്സവ വേളകളിലും നെയ്ത്തു വീടുകളിൽ വിളക്കുകൾ അണയാറില്ല.
കൈത്തറിക്ക് പ്രിയമേറിയതോടെ വിലയും വർധിച്ചിട്ടുണ്ട്. 1500 രൂപ മുതൽ 3000 രൂപവരെയാണ് ഈ സാരികളുടെ വില. ആഗോള പ്രശസ്തിയൊക്കെ ഉണ്ടെങ്കിലും തുഛമായ ലാഭമാണ് നെയ്ത്തുകാർക്ക് ലഭിക്കുന്നത്.