ചെറുപുഴ: വയക്കരയിൽ വെച്ച് മർദ്ദനത്തിനിരയായ അന്യസംസ്ഥാന തൊഴിലാളി നജ് ബുൾ (24) മരിച്ച സംഭവത്തിൽ കേസെടുത്ത് ഉന്നതതല അന്വേഷണം നടത്തണമെന്ന് ബിജെപി പെരിങ്ങോം വയക്കര പഞ്ചായത്ത് കമ്മിറ്റി പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റതാണ് ഇയാൾ മരിക്കാൻ കാരണം.
കഴിഞ്ഞ 13നാണ് വയക്കര പള്ളിയിലെ ഉച്ചയ്ക്കുള്ള നിസ്കാകാരത്തിനിടെ ഒരു കൂട്ടമാളുകൾ ബംഗാൾ സ്വദേശിയായ യുവാവിനെ മർദ്ദിച്ചത്. നിസ്ക്കാരത്തിനിടെ ഉണ്ടായ ചെറിയ തർക്കമാണ് യുവാവിനെ ക്രൂരമായി മർദ്ദിക്കാൻ കാരണം. പോലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്.
നിർബന്ധിച്ച് സ്വദേശത്തേയ്ക്ക് മടക്കി അയച്ച ഇയാൾ മരണപ്പെട്ടു. ആൾക്കൂട്ടത്തിന്റെ മർദ്ദനമാണ് ഇയാൾ മരണപ്പെടാൻ കാരണമെന്ന് മരിച്ച നജ്ബുളിന്റെ സഹോദരൻ പറയുന്നു. മരണത്തിൽ ദുരൂഹതയുള്ളതിനാൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയാണ് സംസ്കരിച്ചത്. മർദ്ദനമേറ്റ ദിവസം യുവാവ് പരാതി നൽകാത്തതിനാൽ പൊലീസ് കേസ്സെടുത്തിരുന്നില്ല.
നാട്ടിലെത്തിയ യുവാവിന്റെ ആരോഗ്യം വഷളാകുകയും പിന്നീട് മരിക്കുകയുമായിരുന്നു. പോലീസ് കേസെടുത്ത് അടിയന്തിരമായി അന്വേഷണം ആരംഭിച്ചില്ലെങ്കിൽ ബിജെപി ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികളായ എം.കെ. മുരളി, തമ്പാൻ തവിടിശേരി, പി.വി. ചന്ദ്രൻ, കെ.വി. രാമചന്ദ്രൻ എന്നിവർ പറഞ്ഞു.