ചെറുപുഴ(കണ്ണൂർ): സ്വദേശത്തേക്കു മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എങ്കിലും ഇത് സംബന്ധിച്ച് പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പാടിയോട്ടുചാലിൽ നിർമാണ ജോലി ചെയ്തു വന്നിരുന്ന ബംഗാൾ സ്വദേശി നജ്ബുൾ (24) എന്ന യുവാവാണു കഴിഞ്ഞ ദിവസം നാട്ടിൽ മരിച്ചത്.
ഒരു സംഘം മർദ്ദിച്ച ശേഷം വണ്ടി കയറ്റി വിട്ടതാണു മരണകാരണമെന്നു പ്രചരണമുണ്ട്. കഴിഞ്ഞ 13 ന് വയക്കരയിൽ വച്ച് ഒരു സംഘം ആളുകൾ ഇയാളെ മർദ്ദിച്ചതായി പറയുന്നു. അന്ന് ചെറുപുഴ പോലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. യുവാവ് പരാതി നൽകാത്തതിനാൽ പോലീസ് കേസെടുത്തിരുന്നില്ല. അന്ന് നജ്ബുളിനേയും കൂടെ ജോലി ചെയ്തിരുന്ന സഹോദരനെയും ഏതാനും ആളുകൾ ചേർന്നു നാട്ടിലേക്ക് ട്രെയിൻ കയറ്റി വിടുകയായിരുന്നുവെന്നാണ് പറയുന്നത്.
നാട്ടിലെത്തിയ യുവാവിന്റെ ആരോഗ്യം വഷളാകുകയും പിന്നീട് മരിച്ചതായും സഹോദരൻ പാടിയോട്ടുചാലിലുളള ചിലരെ വിളിച്ചറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ ആൾക്കൂട്ട ആക്രമണത്തിലാണു യുവാവ് മരിച്ചതെന്ന് സമൂഹ മാധ്യമങ്ങളിൽ വഴി പ്രചരിക്കുകയായിരുന്നു. യുവാവ് മരിച്ചുവെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചു