ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിക്കാത്ത മലയാളികൾ കുറവായിരിക്കും. നജീബ് മരുഭൂമിയിൽ അകപ്പെട്ട് പോയപ്പോഴുള്ള അവസ്ഥ വായിക്കുമ്പോൾ ആ ദൃശ്യങ്ങളും മനസിലേക്ക് ഓടിയെത്തും. അത്രത്തോളം ആത്മാവുള്ള കഥ സിനിമയായെത്തുമ്പോൾ പ്രേക്ഷകർ വളരെ ഞെട്ടലോടെയാണ് കാത്തിരിക്കുന്നത്. ഒടുവിൽ പൃഥ്വിരാജിനെ നായകനാക്കി 16 വർഷത്തെ കാത്തിരിപ്പിന് ശേഷം ആടുജീവിതം ബിഗ് സ്ക്രീനിലേക്ക് എത്തി.
ഈ സമയം താൻ അനുഭവിച്ച ജീവിതം സ്ക്രീനിൽ കാണാൻ എത്തിയ നജീബിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. “സന്തോഷമുണ്ട്. സിനിമ കാണാൻ പോവുകയാണ്. ഞാൻ അനുഭവിച്ച കാര്യങ്ങളാണ് എല്ലാം. ഞാൻ കുറച്ചൊക്കെ കണ്ടിരുന്നു. അതെല്ലാം ഞാൻ അനുഭവിച്ചത് പോലെ തന്നെ ആണ് എടുത്തിരിക്കുന്നത്. ഇന്ന് മുഴുവനായി കാണാൻ പോകുന്നു.
പൃഥ്വിരാജിനെ കണ്ടപ്പോൾ ഞാൻ കരഞ്ഞ് പോയി. എന്നെപ്പോലെ തന്നെയാരുന്നു പൃഥ്വി. അതാണ് കരഞ്ഞ് പോയത്. ഇന്നലെയും എന്നെ അദ്ദേഹം ഫോൺ വിളിച്ചിരുന്നു. ബ്ലെസി സാറും ബെന്യാമിനും എല്ലാവരും വിളിക്കാറുണ്ടായിരുന്നു” എന്നാണ് തിയേറ്ററിലെത്തിയ നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തിൽ അമല പോളാണ് നായിക. ഓസ്കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്നു. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.