ആലുവ: ആറു ലക്ഷം രൂപ വിലമതിക്കുന്ന അജിത് ബ്രാൻഡിന്റെ വ്യാജ ബീഡിയുമായി കോൺഗ്രസ് നേതാവ് പോലീസ് പിടിയിൽ. ആലുവ കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി എടയപ്പുറം മനയ്ക്കലത്തൂട്ട് നജീബിനെ (40) യാണ് ആലുവ ഈസ്റ്റ് പോലീസ് പിടികൂടിയത്. പശ്ചിമ ബംഗാളിലെ അജിത് ബീഡിയുടെ പേരിലുള്ള 20 വ്യാജ ബീഡി കെട്ടുകളുമായി ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണു നജീബിനെ പോലീസ് പിടികൂടിയത്.
ഓരോ കെട്ടിലും 20 വലിയ പായ്ക്കറ്റുകളാണുണ്ടായിരുന്നത്. സംശയിക്കാതിരിക്കാൻ അഞ്ച് കെട്ടുകൾ വ്യാജനല്ലാത്തതും ഉൾപ്പെടുത്തിയിരുന്നു. പുറംകവറിൽ അജിത് ബീഡിയെന്നു രേഖപ്പെടുത്തിയശേഷം മറ്റു ബീഡിയാണ് ഒരോ പായ്ക്കറ്റിലുമുണ്ടായിരുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളിൽനിന്നു ട്രെയിൻ മാർഗം ആലുവ റെയിൽവേ സ്റ്റേഷനിലെത്തിച്ചു വില്പന നടത്തുകയാണ് ചെയ്തിരുന്നതെന്നു പോലീസ് പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ചരക്കെത്തിക്കുന്നത്. ബീഡിക്കെട്ടുകൾ പിക്ക്അപ് വാനിലേക്ക് കയറ്റി വയ്ക്കുന്നതിനിടെയാണു നജീബ് പിടിയിലാകുന്നത്. വ്യാജ ബീഡി വില്പന നടത്തുന്നുണ്ടെന്ന അജിത് കമ്പനി പ്രതിനിധികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി എസ്ഐ എം.എസ്. ഫൈസൽ പറഞ്ഞു. വഞ്ചന, ട്രേഡ് മാർക്ക് ലംഘനം എന്നിവയ്ക്കാണ് കേസ്.
അതേസമയം താൻ വാഹനത്തിന്റെ ഡ്രൈവർ മാത്രമാണെന്നും കെട്ടിൽ എന്തായിരുന്നുവെന്ന് അിയില്ലെന്നുമാണ് നജീബ് പോലീസിനു നൽകിയിരിക്കുന്ന വിശദീകരണം. കേരളത്തിലേക്കു ബീഡിയെത്തിക്കുന്ന ആലുവയിലെ സ്വകാര്യ ഏജൻസിയുടെ ജീവനക്കാരനാണു നജീബ്. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഈ സ്വകാര്യ ഏജൻസി.