പത്തനാപുരം: ദുരന്തങ്ങൾ ഒന്നിന് മീതെ ഒന്നായി പെയ്തിറങ്ങുകയാണ് ഈ ചെറിയ വീട്ടിലേക്ക്. കുടുംബത്തിന് ഒടുവിൽ അത്താണിയാകേണ്ടിയിരുന്ന നജീറ മരണത്തിന് കീഴടങ്ങേണ്ടി വന്നത് ആർ സിസി അധികൃതരുടെ അശ്രദ്ധ മൂലവും.
ആറ് മാസം മുന്പാണ് നജീറയുടെ മാതാവ് നസീമയ്ക്ക് അർബുദം സ്ഥിരീകരിച്ചത്. തുടർന്ന് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്നു.
തൊണ്ടയ്ക്ക് ബാധിച്ച അർബുദരോഗത്തെ തോൽപ്പിക്കാൻ ഓപ്പറേഷൻ നടത്തി. മേയ് പതിനഞ്ചിന് ഡിസ്ചാർജ് ആകേണ്ടതായിരുന്നു. പക്ഷേ അന്നേ ദിവസം തന്നെയാണ് തകർച്ചയിലായ ലിഫ്റ്റിന്റെ രൂപത്തിൽ നജീറയെ വിധി തോൽപ്പിക്കാനെത്തിയത്.
നസീമയ്ക്ക് ലഭിച്ചിരുന്ന വിധവാ പെൻഷനും തൊഴിലുറപ്പ് തൊഴിൽ വേതനവുമായിരുന്നു കുടുംബത്തിന്റെ വരുമാനം. രണ്ടര വർഷം മുന്പാണ് തമിഴ്നാട് സ്വദേശിയായ ഇസ്മായിൽ നജീറയെ വിവാഹം ചെയ്യുന്നത്.
പ്ലംബിംഗ് പണിക്കാരനായ ഇസ്മായിലിന് ശാരീരിക അവശതകൾ കൂടി ആയതോടെ ജോലിയ്ക്ക് പോകാൻ കഴിയാത്ത സ്ഥിതിയുമായി. ഇതിനിടെയാണ് നസീമയ്ക്ക് കാൻസർ രോഗം സ്ഥിരീകരിച്ചത്.
ബന്ധുക്കളുടെയും സുമനസുകളായ നാട്ടുകാരുടെയും സഹായത്തോടൊണ് ചികിത്സ നടത്തി വന്നത്. ഓപ്പറേഷൻ കഴിഞ്ഞ മാതാവിന് കൂട്ടിരിക്കാനും വീട്ടിലേക്ക് കൊണ്ടുവരാനുമായി ആർസിസിയിലെത്തിയതായിരുന്നു നജീറ.
തലയ്ക്കുൾപ്പെടെ ഗുരുതരമായ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.