ആലപ്പുഴ: പോലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ യുവതിയുടെ ഭർത്താവ് റെനീസിന്റെ കാമുകി അറസ്റ്റിൽ.
ആലപ്പുഴ നഗരസഭ ലജ്നത്ത് വാർഡ് ഷാമിറ മൻസിലിൽ ഷഹാന (24)യെയാണ് ഡിസിആർബി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്തത്.
സിവിൽ പോലീസ് ഓഫീസറായിരുന്ന റെനീസിനെ വിവാഹം കഴിക്കാനായി ഭാര്യ നജ്ലയും മക്കളും ഒഴിഞ്ഞു പോകണമെന്നതായിരുന്നു ഷഹാനയുടെ ആവശ്യം.
അല്ലെങ്കിൽ ഭാര്യയായി ഇവർക്കൊപ്പം വന്ന് താമസിക്കുമെന്ന് നജ്ലയെ ഭീഷണിപ്പെടുത്തി. ആറു മാസം മുന്‍പും നജ്ലയും മക്കളും മരിക്കുന്നതിനു തലേദിവസവും ഈ ആവശ്യമുന്നയിച്ച് ഷഹാന ക്വാട്ടേഴ്സിലെത്തി ഭീഷണി മുഴക്കിയതായി പോലീസ് പറഞ്ഞു.
ഈ മനോവിഷമത്തിലാണ് നജ്ലകുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഷഹാനയെ റിമാൻഡ് ചെയ്തു.
ആലപ്പുഴ കുന്നുംപുറത്തുള്ള എആർ ക്യാമ്പിലെ പോലീസ് ക്വാട്ടേഴ്സിലായിരുന്നു റെനീസും കുടുംബവും താമസിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ഔട്ട് പോസ്റ്റിലായിരുന്നു റെനീസിന് ജോലി.
സംഭവ ദിവസത്തിന് തലേന്ന് രാത്രി എട്ടിന് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജ്ല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഒന്നരവയസുള്ള മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മകൻ ടിപ്പു സുൽത്താനെ ഷാൾ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ റെനിസ് നിരന്തരം പീഡിപ്പിച്ചിരുന്നു. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും സ്ത്രീധനമായി നജ്ലയുടെ വീട്ടുകാർ നല്‍കിയിരുന്നു.
എന്നാൽ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ പല തവണ റെനിസ് വീട്ടിലേക്ക് തിരിച്ചയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
നജ്ലയെ സ്വന്തമായി മൊബൈൽ ഫോണ്‍ ഉപയോഗിക്കാന്‍ റെനീസ് അനുവദിച്ചിരുന്നില്ല.ഇയാൾ പുറത്ത് പോകുമ്പോള്‍ നജ്ലയെ മുറിയില്‍ പൂട്ടിയിടുമായിരുന്നു. പല സ്ത്രീകളുമായും റെനീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.