പെനുകൊണ്ട (ആന്ധ): പതിനാറുകാരിയെ ഒളിച്ചോടാന്‍ സഹായിച്ചെന്നാരോപിച്ച് യുവതിയെ നഗ്നയാക്കി മർദിക്കുകയും മുടി മുറിക്കുകയും ചെയ്തു.
ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിൽ ഇന്നലെയാണു സംഭവം. പെൺകുട്ടിയുടെ ബന്ധുക്കളാണ് അതിക്രമം കാട്ടിയത്. ഒരാഴ്ച മുമ്പ് 16കാരി അതേഗ്രാമത്തിലെ യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. പിന്നീട് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി മാതാപിതാക്കൾക്കു കൈമാറി.
തുടർന്ന് ഒളിച്ചോടാന്‍ സഹായിച്ചെന്നാരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കളും പതിനൊന്നു ബന്ധുക്കളും ആരോപണ വിധേയയായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും മുടി മുറിച്ചുകളയുകയുമായിരുന്നു.
സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് യുവതിയെ പെനുകൊണ്ട സർക്കാർ ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദനത്തിനിരയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.