തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചെരുപ്പു നക്കുന്ന ജോലിയാണ് ഡിജിപി ലോക്നാഥ് ബെഹ്റ ചെയ്യുന്നതെന്നു പറഞ്ഞ കോണ്ഗ്രസ് നേതാവ് കെ. മുരളീധരനെതിരെ പരിഹാസവുമായി വൈദ്യുതി മന്ത്രി എം.എം. മണി. പിതാവായ കെ. കരുണാകരന്റെ ഭരണകാലത്തു നടന്നിരുന്ന നക്കലുകൾ കണ്ടും, അനുഭവിച്ചും വളർന്ന പുത്രനാണ് മുരളീധരൻ എന്നായിരുന്നു മന്ത്രിയുടെ അധിക്ഷേപം.
എം.എം മണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കെ. മുരളീധരന്റെ നക്കൽ സ്മരണകൾ
ഡിജിപിയെ കുറിച്ചുള്ള കെ. മുരളീധരന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. പിതാവായ ശ്രീ. കെ. കരുണാകരന്റെ ഭരണകാലത്തു നടന്നിരുന്ന “നക്കലുകൾ’ കണ്ടും, അനുഭവിച്ചും വളർന്ന പുത്രനാണല്ലോ കെ. മുരളീധരൻ. അത്തരത്തിലുള്ള നക്കലുകളൊന്നും ഇടതുപക്ഷ സർക്കാരിനു കീഴിൽ നടക്കില്ലെന്ന് മുരളീധരന് നല്ലതുപോലെ അറിയാം. സ്വയം അനുഭവിച്ചിരുന്നതും, കണ്ടുവളർന്നതുമായ “നക്കൽ സ്മരണകൾ’ അയവിറക്കിയതായി മാത്രമേ മുരളീധരന്റെ ഈ പ്രസ്താവനയെ കാണുന്നുള്ളൂ.
നേരത്തെ, നാണംകെട്ട രീതിയിലൂടെ ജനവിധി അട്ടിമറിക്കാനുള്ള ശ്രമത്തിന് ഡിജിപി കൂട്ടു നിൽക്കുകയാണെന്നും ഗുജറാത്തിലായിരുന്നപ്പോൾ നരേന്ദ്ര മോദിയുടെ ചെരുപ്പു നക്കിയ ബെഹ്റ ഇപ്പോൾ പിണറായിയുടെ ചെരുപ്പു നക്കുകയാണെന്നുമായിരുന്നു മുരളീധരന്റെ പരാമർശം. മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാൻ എന്തും ചെയ്യുന്നയാളായി ഡിജിപി അധപതിച്ചെന്നും മുരളീധരൻ കുറ്റപ്പെടുത്തി.