വടകര: മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം വന്നെത്തിയതിലെ ആഹ്ലാദത്തിലാണ് കീഴൽ ചെക്കോട്ടി ബസാറിലെ കുടുംബവും നാട്ടുകാരും. നാടക പ്രവർത്തകൻ ’മുഖചിത്രത്തിൽ’ മനോജിന്റെയും വിജിഷയുടെയും മകൾ നക്ഷത്ര എന്ന മിടുക്കി സംസ്ഥാനത്ത് തന്നെ മിന്നുംതാരമായി മാറിയിരിക്കുന്നു. രക്ഷാധികാരി ബൈജു ഒപ്പിലെ പ്രകടനത്തിനാണ് പുരസ്കാരം.
മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയായ നക്ഷത്ര വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞപ്പോഴാണ് പുരസ്കാര വിവരമറിയുന്നത്. കളിയാക്കുന്നതാണെന്നു കരുതി ആദ്യം വിശ്വസിച്ചില്ല. അധ്യാപകർ ആവർത്തിച്ചപ്പോഴാണ് നക്ഷത്ര അടങ്ങിയത്. അന്പരപ്പ് മാറാൻ അൽപം സമയമെടുത്തു.
സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു പിന്നീട്. നായക കഥാപാത്രത്തെ അവതരിപ്പിച്ച ബിജുമേനോന്റെ മകളായാണ് രക്ഷാധികാരി ബൈജുവിൽ നക്ഷത്ര തിളങ്ങിയത്. മുഴുനീള വേഷമെന്നു തന്നെ പറയാം. ഗ്രാമീണ ബാലികയെ തന്മയത്വത്തോടെ ചെയ്ത നക്ഷത്രയെ ജൂറി എളുപ്പം പുരസ്കാരത്തിനു കണ്ടെത്തി. ഇക്കാര്യം ജുറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റൊരു സിനിമയുടെ അണിയറ പ്രവർത്തകർ മേമുണ്ട സ്കൂളിൽ ഓഡിഷനു വന്നപ്പോഴാണ് രക്ഷാധികാരി ബൈജുവിന്റെ സംവിധായകൻ രഞ്ജൻ പ്രമോദ് തന്റെ സിനിമയിൽ അഭിനയിക്കാൻ നക്ഷത്രയെ വിളിക്കുന്നത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തന്നെയായിരുന്നു പ്രധാന ചിത്രീകരണം. രഞ്ജൻ പ്രമോദും ബിജുമേനോനും അണിയറ പ്രവർത്തകരും അകമഴിഞ്ഞ് സഹായിച്ചതിനാൽ വേഷം നന്നായി ചെയ്യാനായെന്ന് നക്ഷത്ര പറയുന്നു.
സിനിമയിൽ യാദൃശ്ചികമാണെങ്കിലും സ്കൂൾ നാടകങ്ങളിൽ അഭിനയിക്കാറുണ്ടായിരുന്നു. കവിത എഴുതാറുണ്ട്. നാടക പ്രവർത്തകനായ അച്ഛൻ മനോജിൽ നിന്നാണ് നക്ഷത്ര ഈ രംഗത്തെത്തുന്നത്. തനിക്ക് എല്ലാ പിന്തുണയും നൽകുന്ന അച്ഛനു തന്നെ നക്ഷത്ര ഈ അവാർഡ് സമർപിക്കുന്നു.
പുരസ്കാര വാർത്തക്കു പിന്നാലെ മേമുണ്ട സ്കൂൾ പ്രിൻസിപ്പൾ പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും നക്ഷത്രക്ക് മധുരം നൽകിക്കൊണ്ട് സന്തോഷം പങ്കിട്ടു. സ്കൂളിൽ നിന്നെത്തിയപ്പോൾ വീട്ടിലും ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു.
അച്ഛനും അമ്മയും സഹോദരൻ ഒന്പതാം തരം വിദ്യാർഥി ഋതുദേവും ബന്ധുക്കളും നാട്ടുകാരും സന്തോഷത്തിൽ പങ്കുചേർന്നു. വിശ്വസിക്കാനാവുന്നില്ലെന്നു പറഞ്ഞ അച്ഛൻ മനോജ് യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ സമയമെടുത്തു. ആഹ്ലാദത്താൽ കണ്ണ് നിറഞ്ഞ നിമിഷം.