നൗഷാദ് മാങ്കാംകുഴി
ചാരുംമൂട് : ലോക്ക് ഡൗണ്‍ കാലത്തെ ഒഴിവു സമയങ്ങളിൽ ഒഴിഞ്ഞ കുപ്പികളിൽ വർണ്ണ വിസ്മയം തീർക്കുകയാണ് നക്ഷത്ര എന്ന നാലാം ക്ലാസുകാരി. ഒരു കുപ്പി കിട്ടിയാൽ നിമിഷ നേരം കൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന ചിത്രം തീർത്ത് ആ കുപ്പിയെ ഒരു അലങ്കാര വസ്തുവാക്കി മാറ്റും ഈ കുട്ടി.
നക്ഷത്രയുടെ വിരൽത്തുന്പിലൂടെ വർണം വിതറുന്പോൾ കുപ്പികളിൽ നിറയുന്നതെല്ലാം വേറിട്ട ചിത്രങ്ങളാണ്. പാഴ്ക്കുപ്പികൾ എത്തിച്ചു നൽകുന്നവർക്ക് അവർ പറയുന്ന മനോഹര ചിത്രങ്ങൾ നക്ഷത്ര വരച്ചുനൽകും.
അക്വാട്ടിക് പെയിന്റും ബ്രഷും ഉപയോഗിച്ച് ഇതിനോടകം നൂറിലധികം കുപ്പികളിൽ നക്ഷത്ര, വർണ വിസ്മയം തീർത്തിട്ടുണ്ട്. ആദ്യമൊക്കെ നോട്ട് ബുക്കുകളിൽ ചിത്രം വരച്ചു തുടങ്ങിയ നക്ഷത്ര പിന്നീട് ഒഴിഞ്ഞ കുപ്പികൾ ശേഖരിച്ച് അതിൽ മനോഹര ചിത്രങ്ങൾ തീർക്കുകയായിരുന്നു.
അറുനൂറ്റിമംഗലം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ജി.രാജേഷിന്റെയും ദീപ്തിയുടേയും മകളായ നക്ഷത്ര ചുനക്കര ചെറുപുഷ്പ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. വെട്ടിയാർ ടിഎംവിഎം ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി
ദക്ഷനാണ് സഹോദരൻ.