ചിറ്റൂർ: വാഹനസഞ്ചാരത്തിനു അപകട ഭീഷണിയാവും വിധം നിരത്തിൽ നാൽക്കാലികളെ മേയാൻ വിടുന്നവർക്കെതിരെ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ കർശന നടപടി സ്വീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. കാലത്ത് മേച്ചിലിനു വിടുന്ന നാൽകാലികളെ വൈകുന്നേര സമയങ്ങളിലാണ് തിരിച്ചു കൊണ്ടുപോവുന്നത്.
വാഹനങ്ങളുടെ ഹോണ് ശബ്ദം കേട്ടാൽ നാൽകാലികൾ റോഡിൽ പരക്കം പാച്ചിൽ നടത്തും. ഈ സമയത്തു കാറിലും ഇരുചക്രവാഹനങ്ങളിലുമെത്തുന്നവർ വാഹനം നിർത്തുന്നതിനിടെ അപകടത്തിൽപ്പെടാറുമുണ്ട്.
വാഹനങ്ങൾ നിരത്തിൽ നിൽക്കുന്ന ആട്, പശു ഉൾപ്പെടെയുള്ളവയെ ഇടിച്ചാൽ കാലി ഉടമയക്ക് ഭീമമായ സംഖ്യ നഷ്ട പരിഹാരംകൊടുക്കേണ്ടതായിട്ടുമുണ്ട്. ഇത്തരത്തിലുള്ള സാമൂഹ്യ അനീതിക്ക് തുണയായി ചില തൽപ്പര കക്ഷികളും രംഗത്തെത്താറുണ്ട്. ഇവർ നഷ്ടപരിഹാര തുക വാങ്ങി നൽകുന്ന കാലി ഉടമയിൽ നിന്നും പ്രതിഫലവും ഈടാക്കാറുണ്ട്.
നാൽക്കാലികളെ റോഡുകളിൽ മേച്ചിലിനു വിടാൻ പാടില്ലെന്ന് വ്യവസ്ഥകൾ ഉണ്ടെങ്കിലും ഇത്തരം നിയമങ്ങൾ കാലഹരണപ്പെട്ടിരിക്കുകയാണ്. മുൻകാലങ്ങളിൽ പൊതുജനത്തിനു അസൗകര്യം ഉണ്ടാവും വിധം കാലികൾ എത്തിയാൽ ഇതിനെ പഞ്ചായത്ത് കാര്യാലയത്തിലുള്ള തൊഴുത്തിൽ കെട്ടാൻ സൗകര്യം ഒരുക്കിയിരുന്നു. നാൽക്കാലികളെ തളയ്ക്കുന്ന സ്ഥലത്തിന് തൊണ്ടുപ്പട്ടി എന്നാണ് അറിയപ്പെടുന്നത്.
ഇവിടെ കെട്ടുന്ന ആടിനെ ഉടമയ്ക്ക് തിരികെ നൽകണയെങ്കിൽ പിഴ ഒടുക്കണം. ഈ കാരണത്താൽ തന്നെ നാൽക്കാലി വളർത്തുന്നവർ ജാഗ്രത പാലിക്കാറുണ്ടായിരുന്നു. എന്നാൽ പഞ്ചായത്തുകളിൽ തൊണ്ടുപ്പട്ടി സന്പ്രദായം നിർത്തിയതോടെയാണ് ആട്, മാട് ഉൾപ്പെടെ നൽകാലിക ളെ റോഡുവക്കത്തെ പുല്ലു തിന്നാൻ വിടുന്നത്.
നിരത്തിൽ നാൽകാലികളുടെ മേച്ചിൽ കാരണം നിരവധി വാഹന അപകടങ്ങൾ നടന്നിട്ടുണ്ടു. ഇരു ചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്. വാഹന യാത്രികർക്ക് ഭീഷണിയാവും വിധം പെരുമാറുന്ന കാലി ഉടമകൾക്ക് നൽകിയിരുന്ന ശിക്ഷണ നടപടികൾ പുനസ്ഥാപിക്കണമെന്ന ജനകീയാവശ്യം ഉണ്ടായിട്ടുണ്ട്്.