ചങ്ങനാശേരി: നാലുകോടിയിൽ വീട് ആക്രമിച്ച കേസിൽ പ്രതികളെ പോലീസ് പിടികൂടിയത തന്ത്രപരമായി.
വനത്തിൽ ഒളിച്ച പ്രതികൾക്കായി പോലീസ് ആദ്യം തെരച്ചിൽ നടത്തിയെങ്കിലും പീന്നിട് പോലീസ് തന്ത്രപരമായി തെരച്ചിൽ നിർത്തി മാറി നില്ക്കുകയായിരുന്നു.
പോലീസ് തെരച്ചിൽ നിർത്തിയതായി തെറ്റിദ്ധരിച്ചു വനത്തിൽ നിന്നു പുത്തറങ്ങിയ പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.
തൃക്കൊടിത്താനം കുന്നുംപുറം പുതുപ്പറന്പിൽ അഭിജിത്ത്(26), വാലടിത്തറ ജിത്തു പ്രസാദ്(27), നാലുകോടി സ്വദേശിയും ഇപ്പോൾ കട്ടപ്പനയിൽ താമസക്കാരനുമായ ചക്കാലയിൽ ജിതിൻ തോമസ്(കുട്ടൻ-26) എന്നിവരാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ 18ന് നാലുകോടി വേഷ്ണാൽ ഭാഗത്തുള്ള സനീഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയും സനീഷിനെയും ഭാര്യ രേഷ്മയെയും മർദിക്കുകയും വീടും വീട്ടുപകരണങ്ങളും അടിച്ചുതകർക്കുകയുമായിരുന്നു.
സനീഷ് മുത്തൂറ്റ് പോൾ വധക്കേസിലെ പ്രതിക്കെതിരേ മൊഴി കൊടുത്തതിന്റെ വൈരാഗ്യവും ഫോണിനെചൊല്ലിയുള്ള തർക്കവുമായിരുന്നു അക്രമത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
അക്രമത്തിനുശേഷം എരുമേലി മുക്കടയിൽ പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇന്നലെ രാവിലെ 6.30ന് മുക്കടയിൽ എത്തി.
വിവരമറിഞ്ഞ പ്രതികൾ കുമളിക്കുള്ള കഐസ്ആർടിസി ബസിൽ കയറി രക്ഷപ്പെട്ടു. എരുമേലിയിൽ നിന്നു പ്രതികൾ രക്ഷപ്പെട്ടതറിഞ്ഞ തൃക്കൊടിത്താനം പോലീസ് ബസിന്റെ കണ്ടക്ടറുടെ ഫോണിൽ ബന്ധപ്പെടുകയും പ്രതികളുടെ ചിത്രങ്ങൾ വാട്ട്സാപ്പിൽ അയച്ചുകൊടുക്കുകയും ചെയ്തു.
പ്രതികളെ തിരിച്ചറിഞ്ഞ കണ്ടക്ടർ പോലീസിന് വിവരം കൈമാറി. പിടികൂടുമെന്നു മനസിലായ പ്രതികൾ കണ്ടക്ടറെയും ഡ്രൈവറെയും ഭീഷണിപ്പെടുത്തി ബസ് നിന്നും ചാടി വനത്തിലേക്കു രക്ഷപ്പെട്ടു.
തുടർന്നാണ് പോലീസ് എത്തി തിരച്ചിൽ നടത്തിയതും പീന്നിട് തന്ത്രപരമായി മാറി നിന്നതും. തൃക്കൊടിത്താനം സ്റ്റേഷനിലെത്തിച്ചശേഷം അഭിത്തിന്റെയും ജിത്തു പ്രസാദിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും.
കേസിൽ കോടതിയിൽ നിന്നു മുൻകൂർ ജാമ്യം നേടിയ ജിതിൻ തോമസിനെ ചോദ്യം ചെയ്ത ശേഷം പേലീസ് വിട്ടയച്ചു. ചങ്ങനാശേരി ഡിവൈഎസ്പി വി.ജെ.ജോഫിയുടെ നിർദേശ പ്രകാരം തൃക്കൊടിത്താനം എസ്എച്ച്ഒ ഇ.അജീബ്, എസ്ഐമാരായ അഖിൽദേവ്, പ്രദീപ്, എസ്ഐ ട്രെയിനി പി.എസ്.ജയകൃഷ്ണൻ, സിപിഒമാരായ പ്രതീഷ്, ജോർജ് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.