കോട്ടയം: വേലുപ്പിള്ള പ്രഭാകരന്റെ മരണത്തോടെ ശക്തിക്ഷയിച്ചെന്നു കരുതിയ തമിഴ് പുലികള്‍ വീണ്ടും കരുത്താര്ജ്ജിക്കുന്നുവോ ! എല്‍ടിടിഇയോടു സാദൃശ്യമുള്ള പതാകയുമായി ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങളുമായെത്തിയ തമിഴ്സംഘമാണ് ഈയൊരു സംശയത്തിന് വഴിവെച്ചത്.
സംശയം തോന്നിയ പോലീസ് സംഘത്തെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ‘നാം തമിഴര്‍ കച്ചി’ എന്ന തമിഴ് രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു ഇതെന്നു മനസ്സിലാക്കിയതോടെയാണു വിട്ടയച്ചതെന്നു പൊലീസ് പറഞ്ഞു. 25നു വൈകുന്നേരമാണ് ഇവരെത്തി അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തത്. സംഭവത്തെത്തുടര്‍ന്നു എഡിഎം ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.
ജില്ലയിലെ കലക്ഷന്‍ സെന്ററുകളിലൊന്നായ എആര്‍ ക്യാംപിലേക്കാണ് ഇവര്‍ സാധനങ്ങള്‍ എത്തിച്ചത്. ഇവര്‍ വന്ന വാഹനത്തില്‍ എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ ചിത്രമടങ്ങിയ ബാനറും എല്‍ടിടിഇയുടെ പതാകയോടു സാദൃശ്യമുള്ള പതാകയും കണ്ടു സംശയം തോന്നിയ പൊലീസ് സംഘത്തെ തിരികെ വിളിക്കുകയായിരുന്നു. രാത്രിയോടെ തിരിച്ചെത്തിയ സംഘത്തെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തു.
മധുര, തേനി, കമ്പം, കുമളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സംഘം 25 വണ്ടികളിലാണു ദുരിതബാധിതര്‍ക്കു സഹായവുമായെത്തിയത്. കോട്ടയം എആര്‍ ക്യാംപിലെ കലക്ഷന്‍ സെന്ററിലാണ് ഇവര്‍ കൊണ്ടുവന്ന സാധനങ്ങള്‍ ഏല്‍പ്പിച്ചത്.
ഇവര്‍ കൊണ്ടുവന്ന സാമഗ്രികളില്‍ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് പരിശോധനകള്‍ നടത്തിയെങ്കിലും സംശയിക്കത്തക്ക രീതിയിലുള്ള ഒന്നും കണ്ടെത്താനായില്ല. ഭക്ഷ്യ വസ്തുക്കളും പരിശോധനയ്ക്കായി അയച്ചു തമിഴ് സംഘത്തെ വിട്ടയച്ചു.
കട്ടപ്പന ബേസ് ക്യാംപ്, മൂന്നാര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞയാഴ്ച തങ്ങള്‍ ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യ സാമഗ്രികള്‍ വിതരണം ചെയ്തിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.