എടത്വ: കോടികൾ ചെലവഴിച്ചു നിര്മിച്ച റോഡിന്റെ നാമഫലകം 300 രൂപ പോലും ചെലവുവരാത്ത ഷീറ്റില്. മാര്ബിള് കഷണം ഉപയോഗിച്ച് നിര്മിക്കേണ്ട ഫലകം നിര്മിച്ചിരിക്കുന്നത് ഫ്ളക്സ് ഷീറ്റില് ശിലാഫലകം എന്നു തോന്നിപ്പിക്കത്തക്ക വിധത്തില്.
2020 ജനുവരി 15ന് നിര്മാണം പൂര്ത്തികരിച്ചതും 2023 ജനുവരി 24ന് പരിപാലന കാലാവധി അവസാനിച്ചതുമായ അമ്പലപ്പുഴ-പൊടിയാടി റോഡില് സ്ഥാപിച്ചിരിക്കുന്ന നാമ ഫലകമാണിത്. 70,73,82716 രൂപ ചെലവഴിച്ച് നിര്മിച്ച റോഡിന്റെ തുടക്കഭാഗത്ത് പൊടിയാടിയിലാണ് ഈ നാമഫലകം സ്ഥാപിച്ചിരിക്കുന്നത്.
നാമഫലകത്തിലെ ഫ്ളക്സ് ഷീറ്റ് നിലവില് നശിച്ചുതുടങ്ങി. നാമഫലകം, ട്രാഫിക് ചിഹ്നങ്ങള് എന്നിവ സ്ഥാപിക്കുന്നതിന് 5.4 ലക്ഷം രൂപയാണ് ചെലവഴിച്ചതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്നിന്നും അറിയാന് സാധിച്ചത്. രണ്ടാം ഘട്ടത്തിന്റെ പ്രവൃത്തിയുടെ അടങ്കല് തുക 46 കോടി 40 ലക്ഷം രൂപയാണ്.
പരിപാലന കാലാവധി 2025 ഡിസംബര് ഒന്നിന് അവസാനിക്കും. ശേഷിക്കുന്ന മൂന്നാം ഘട്ട പ്രവൃത്തികള് സംബന്ധിച്ച് നടപടികള് ഒന്നും തന്നെ ആരംഭിച്ചിട്ടില്ല.
ഈ വിഷയത്തില് സമഗ്ര അന്വേഷണം നടത്തണമെന്നും ഫ്ളക്സ് ഷീറ്റിനു പകരം മാര്ബിളില് ഫലകം സ്ഥാപിക്കാന് നിര്ദേശം നല്കണമെന്ന് പൊതുപ്രവര്ത്തകന് തലവടി വാലയില് ബെറാഖാ ഭവനില് ഡോ. ജോണ്സണ് വി. ഇടിക്കുള മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവര്ക്ക് നിവേദനം നല്കി