കോഴിക്കോട്: ശബരിമലയിലെ യുവതീപ്രവേശന ത്തില്‍ പ്രതിഷേധിച്ച് നടത്തിയ നാമജപയാത്രയില്‍ പങ്കെടുത്തതിന് കോഴിക്കോടും അറസ്റ്റ് തുടരുന്നു. ഇന്നലെ നടക്കാവ് പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി നല്ലളം പോലീസ് 10 പേരെ അറസ്റ്റ് ചെയ്തിരുന്നു.
പൊതുവഴി തടസപ്പെടുത്തുന്ന തരത്തില്‍ പ്രകടനം നടത്തിയതിന് ഐപിസി 283-ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്ത് അറസ്റ്റ് നടപടികള്‍ സ്വീകരിക്കുന്നത്. കോഴിക്കോട് സിറ്റിയില്‍ മാത്രം 2800 ലധികം പേരെയാണ് പോലീസ് തിരയുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നഗരപരിധിയിലെ 11 പോലീസ് സ്റ്റേഷനുകളിലേക്ക് നാമജപ യാത്ര നടത്തിയതുമായി ബന്ധപ്പെട്ടും ഈ മാസം ഏഴിന് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോഗ്രസീവ് ഹിന്ദു ഫോറത്തിന്റെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെയും അയ്യപ്പഭക്തരുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ശബരിമല ആചാര സംരക്ഷണ കൂട്ടായ്മയുമായി ബന്ധപ്പെട്ടുമാണ് പോലീസ് കേസെടുത്ത് നടപടികള്‍ സ്വീകരിച്ചുവരുന്നത്.
കേസിലുള്‍പ്പെട്ട സ്ത്രീകളുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് നോര്‍ത്ത് അസി.കമ്മീഷണര്‍ ഇ.പി.പൃഥ്വിരാജ് പറഞ്ഞു. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നഗരപരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് നാമജപ യാത്ര നടത്തിയ സംഭവത്തില്‍ മാത്രം കണ്ടാലറിയാവുന്ന 2300 ലധികം പേര്‍ക്കെതിരേയാണ് കേസെടുത്തത്. പല സ്റ്റേഷനുകളിലും അറസ്റ്റ് നടപടികള്‍ ഇന്നും നാളെയുമായി ആരംഭിക്കുമെന്നാണറിയുന്നത്.
കോഴിക്കോട് വെള്ളയില്‍ സ്റ്റേഷനില്‍ കണ്ടാലറിയാവുന്ന 800 ഓളം പേര്‍ക്കും നടക്കാവില്‍ 250 ഓളം പേര്‍ക്കും ചേവായൂരില്‍ 300 ഓളം പേര്‍ക്കും കുന്ദമംഗലത്ത് 200 ഓളം പേര്‍ക്കു മെഡിക്കല്‍ കോളജ് പോലീസില്‍ 150-ഓളം പേര്‍ക്കുമെതിരെ കേസെടുത്തു.
യാത്ര നടത്തിയതിന് കസബയില്‍ 60 ഓളം പേര്‍ക്കും, പന്നിയങ്കരയില്‍ 100 ഓളം പേര്‍ക്കും, ബേപ്പൂരില്‍ 150 ഓളം പേര്‍ക്കും, ഫറോക്കില്‍ 125 ഓളം പേര്‍ക്കും, മാവൂരില്‍ 50 ഓളം പേര്‍ക്കും നല്ലളത്ത് 100 ഓളം പേര്‍ക്കുമെതിരെയാണ് കേസെടുത്തത്.
ഈ മാസം ഏഴിന് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോഗ്രസീവ് ഹിന്ദു ഫോറത്തിന്റെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെയും അയ്യപ്പഭക്തരുടെയും സഹകരണത്തോടെ മാനാഞ്ചിറയില്‍ സംഘടിപ്പിച്ച ശബരിമല ആചാര സംരക്ഷണ കൂട്ടായ്മക്കെതിരേ ടൗണ്‍പോലീസും കേസെടുത്തിട്ടുണ്ട്.
കണ്ടാലറിയാവുന്ന 500 ഓളം പേര്‍ക്കെതിരേയാണ് കേസെടുത്തത്. ഈ കേസിലും വരുംദിവസങ്ങളിലായി അറസ്റ്റ് നടപടികള്‍ സ്വീകരിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.