കോവിഡ് 19 ലോകമെമ്പാടും വ്യാപിച്ചതോടെ ഏവരും പരസ്പരം കാണുമ്പോളുള്ള ഷെയ്ക്ക്ഹാന്ഡ് ഒഴിവാക്കി ഇന്ത്യയുടെ തനത് രീതിയായ നമസ്തേയിലേക്ക് മാറിയിരിക്കുകയാണ്. മുമ്പ് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് ഇന്ത്യ സന്ദര്ശിച്ചപ്പോള് പ്രധാനമന്ത്രി ‘നമസ്തേ ട്രംപ്’ എന്ന പരിപാടി നടത്തിയത് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഇപ്പോള് കൊറോണ ഭയത്താല് ഒട്ടുമിക്ക ലോക നേതാക്കളും ഷെയ്ക്ക്ഹാന്ഡ് ഒഴിവാക്കി പരസ്പരം കാണുമ്പോള് നമസ്തേ പറഞ്ഞു തുടങ്ങിയിരിക്കുകയാണ്. ഇത് പ്രകാരം ട്രംപ് മുതല് ബ്രിട്ടീഷ് രാജ്ഞി വരെ ഷെയ്ക്ക്ഹാന്ഡ് ഉപേക്ഷിച്ച് നമസ്തേ തുടങ്ങിയിരിക്കുകയാണിപ്പോള്.
കൊറോണ ബാധയുടെ പശ്ചാത്തലത്തില് സായിപ്പന്മാര് പോലും പരമ്പരാഗത ഹസ്തദാനത്തിന് പകരം കൈകൂപ്പി പുഞ്ചിരിക്കുന്ന നമസ്തേയിലേക്ക് മാറിയത് ഇന്ത്യയ്ക്ക് അഭിമാനകരമാണ്.
ബ്രിട്ടീഷ് രാജ്ഞിയും മറ്റ് രാജ കുടുംബാംഗങ്ങളും നമസ്തേ പറയുന്നതിന്റെ ദൃശ്യങ്ങള് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുകയാണ്.
ഇത്തരം പരിപാടികളിലൊന്നില് രാജ്ഞിയും ചാള്സ് രാജകുമാരനും വില്യം രാജകുമാരനും കേയ്റ്റും ഹാരിയും മേഗനും ബോറിസ് ജോണ്സനുമെല്ലാം അതിഥികളെ സ്വീകരിക്കുന്നത് നമസ്തേ പറഞ്ഞാണ്.
വെസ്റ്റ്മിന്സ്റ്റര് അബെയില് വച്ച് നടന്ന കോമണ്വെല്ത്ത് ഡേ ഇവന്റില് പങ്കെടുക്കാനെത്തിയപ്പോള് ബോറിസ് ജോണ്സന് ഇതേക്കുറിച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു.
ഷെയ്ക്ക് ഹാന്ഡിലൂടെ കൊറോണ പകരും എന്നതിനാലാണ് നമസ്തേയിലേക്ക് മാറിയതെന്ന് ജോണ്സന് വ്യക്തമാക്കുകയും ചെയ്തു. കോമണ്വെല്ത്ത് ഡേ ഇവന്റില് പങ്കെടുക്കാനെത്തിയ രാജ്ഞി അടക്കമുള്ള രാജകുടുംബാംഗങ്ങളെല്ലാം ഷെയ്ക്ക് ഹാന്ഡ് വേണ്ടെന്ന് വച്ച് കൈകൂപ്പിയാണ് അതിഥികളെ സ്വാഗതം ചെയ്തിരിക്കുന്നത്.
കൈകള് സോപ്പിട്ട് കഴുകുന്നതിനെ കുറിച്ചുള്ള മഹത്തായ സന്ദേശമാണ് ഒരാളുടെ കൈ പിടിച്ച് കുലുക്കുന്നത് ഒഴിവാക്കുന്നതിലൂടെ നാം നല്കുന്നതെന്നാണ് ബോറിസ് പറയുന്നത്.
ആളുകളെ കാണുമ്പോള് അവരുടെ കൈ പിടിച്ച് കുലുക്കുന്നതില് താന് ഏറെ സന്തോഷിക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ആഴ്ചവരെ ബോറിസ് നിലപാടെടുത്തിരുന്നത്. എന്നാല് കൊറോണ പടര്ന്നതോടെ ജോണ്സന് നിലപാടു മാറ്റുകയായിരുന്നു.
ഇന്നലത്തെ പരിപാടിയില് ശ്രീലങ്കന് ഹൈകമ്മീഷണറായ സരോസ സിരിസേന അടക്കമുള്ളവരെ കണ്ടപ്പോള് ഷെയ്ക്ക് ഹാന്ഡ് നല്കുന്നതിന് പകരം അദ്ദേഹത്തിന് നമസ്തേ പറയുകയാണ് രാജ്ഞി ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച ഒബിഇ, എംബിഇ പുരസ്കാരങ്ങള് നല്കുന്ന വേളയില് രാജ്ഞി ആളുകളുടെ കൈ പിടിച്ച് കുലുക്കിയിരുന്നുവെങ്കിലും ഗ്ലൗസിട്ടിട്ടായിരുന്നു രാജ്ഞി ഇത് നിര്വഹിച്ചിരുന്നത്.
മാര്ബോറോ ഹൗസില് വച്ച് നടന്ന പടിപാടിക്കിടെ ചാള്സ് രാജകുമാരന് ഇന്ത്യന് നമസ്തേ പറഞ്ഞാണ് അതിഥികളെ വരവേറ്റിരുന്നത്. അതു പോലെ തന്നെ മറ്റ് രാജകുടുംബാംഗങ്ങളും പരമ്പരാഗത ഇന്ത്യന് സ്വീകരണ മുദ്രയായ നമസ്തേയിലൂടെയാണ് അതിഥികളെ വരവേറ്റിരുന്നത്. അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപും ഇതിനോടകം നമസ്തേയുടെ പ്രചാരകനായി മാറിക്കഴിഞ്ഞു.