ന്യൂഡൽഹി: അഹമ്മദാബാദിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് സ്വകാര്യ സംഘടന. ഡോണൾഡ് ട്രംപ് നാഗരിക അഭിവാദൻ സമിതി എന്ന സംഘടനയാണ് നമസ്തേ ട്രംപ് എന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സംഘടനയുടെ ഭാരവാഹികളാരെന്ന് സർക്കാർ അധികൃതർക്ക് അറിയില്ലെന്നാണ് റിപ്പോർട്ട്. സർക്കാർ നേരിട്ടല്ല മറിച്ച് ഡോണൾഡ് ട്രംപ് പൗരസ്വീകരണ സമിതിയാവും നമസ്തെ ട്രംപ് സംഘടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കണോ എന്നും സമിതി തീരുമാനിക്കുമെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാർ പറഞ്ഞു.
പരിപാടി സംഘടിപ്പിക്കുന്ന സ്വീകരണ സമിതിയുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു. ഈ സമിതി ആരുടെ അദ്ധ്യക്ഷതയിലാണെന്നും ഗുജറാത്ത് സർക്കാർ പണം ചെലവഴിക്കുന്നത് എന്തിനെന്നും കോണ്ഗ്രസ് നേതാവ് രണ്ദീപ് സുർജെവാല ചോദിച്ചു. 120 കോടി രൂപ സർക്കാർ ട്രംപിന്റെ വരവിനോട് അനുബന്ധിച്ച് ചെലവഴിക്കുന്നുണ്ട്.
സമാനതകളില്ലാത്ത സ്വീകരണം
അഹമ്മദാബാദിൽ സമാനതകളില്ലാത്ത സ്വീകരണമാകും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് നല്കുകയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ട്രംപിനെ സ്വാഗതം ചെയ്യുന്ന പ്രത്യേക വീഡിയോയും വിദേശകാര്യമന്ത്രാലയം പുറത്തു വിട്ടു.
പല ഭാഷകളിൽ ഡോണൾഡ് ട്രംപിനെ സ്വാഗതം ചെയ്യുന്ന ഈ വിഡിയോ വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് പുറത്തു വിട്ടത്. അഹമ്മദാബാദിലെ സ്വീകരണം മറക്കാനാകാത്ത അനുഭവമാകുമെന്ന വിശദീകരണവും കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകുന്നു.
ഇരു രാജ്യങ്ങൾക്കുമിടയിലെ ഉന്നതതല ബന്ധം ശക്തമാകുന്നതിന്റെ തെളിവാണ് ട്രംപിന്റെ സന്ദർശനമെന്നും. ഹ്രസ്വമെങ്കിലും ഏറെ പ്രധാനപ്പെട്ടതാകും സന്ദർശനമെന്നുമാണ് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറയുന്നത്.
70 ലക്ഷമില്ല, 1-2 ലക്ഷം പേർ മാത്രം
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും അഹമ്മദാബാദിൽ 24നു നടത്തുന്ന റോഡ്ഷോയിൽ ഒരു ലക്ഷത്തിനും രണ്ടുലക്ഷത്തിനുമിടയിൽ ആളുകൾ പങ്കെടുക്കുമെന്ന് ജില്ലാ ഭരണകൂടം. 70 ലക്ഷം പേർ പങ്കെടുക്കുമെന്നാണ് ട്രംപ് നേരത്തേ അവകാശപ്പെട്ടിരുന്നത്.
സ്റ്റേഡിയത്തിലും വിമാനത്താവളത്തിലുമായി 70 ലക്ഷം പേർ ഉണ്ടാകുമെന്നു മോദി പറഞ്ഞിരുന്നു. 70 ലക്ഷം പേർ പങ്കെടുക്കുന്നുണ്ടെങ്കിൽ ആശ്ചര്യകരമാണ്. നിങ്ങളെല്ലാം റോഡ് ഷോ ആസ്വദിക്കുമെന്നു കരുതുന്നുഎന്നാണ് ട്രംപ് നേരത്തേ ട്വീറ്റ് ചെയ്തത്. അഹമ്മദാബാദിലെ ആകെ ജനസംഖ്യ 70 ലക്ഷമാണ്.
റോഡ് ഷോയിൽ പങ്കെടുക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. 22 കിലോമീറ്റർ ദൂരം ഒരു ലക്ഷം പേരിലധികം പങ്കെടുക്കുമെന്നാണ് ഇപ്പോഴത്തെ വിവരം. ഇന്ത്യയുടെ സാംസ്കാരിക മഹിമ പ്രദർശിപ്പിക്കാനുള്ള വലിയ അവസരമാണിത്: അഹമ്മദാബാദ് മുനിസിപ്പൽ കമ്മീഷണർ വിജയ് നെഹ്റ ട്വീറ്റ് ചെയ്തു.
ഡൽഹിയിൽ കനത്ത സുരക്ഷ
ട്രംപ് ഡൽഹിയിൽ എത്തുന്നതിന്റെ ഭാഗമായി നഗരത്തിൽ സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കും. തിങ്കളാഴ്ച രാത്രിയാണ് പ്രസിഡന്റും സംഘവും ഡൽഹിയിലെത്തുക. .
ഡൽഹി പോലീസ്, യുഎസ് സീക്രട്ട് സർവീസ്, എസ്പിജി, എൻഎസ്ജി തുടങ്ങിയവർ സുരക്ഷാച്ചുമതല നിർവഹിക്കും. ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോവുന്ന എല്ലാ റോഡുകളിലും ഇരട്ട ബാരിക്കേഡുകൾ സ്ഥാപിക്കും. വ്യോമനിരീക്ഷണവും ഉണ്ടാകും.
ട്രംപ് താമസിക്കുമെന്ന് കരുതുന്ന ഹോട്ടൽ ഐ.ടി.സി. മൗര്യയിലേക്കുള്ള വഴികൾ, സന്ദർശിക്കാനിടയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളെല്ലാം സിസിടിവി കാമറകളുടെ സൂക്ഷ്മമായ നിരീക്ഷണത്തിലായിരിക്കും. കാമറകളിലെ ദൃശ്യങ്ങൾ 24 മണിക്കൂറും പോലീസിന്റെ സെൻട്രൽ കണ്ട്രോൾ റൂമിലൂടെ പരിശോധിച്ചുകൊണ്ടിരിക്കും.
യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് ചൊവ്വാഴ്ച തെക്കൻ ഡൽഹിയിലെ ഒരു സർക്കാർ സ്കൂൾ സന്ദർശിക്കുന്നുണ്ട്. ഈ പാതയിലും കർശന നിരീക്ഷണമുണ്ടാകും. വിവിധ ഏജൻസികളുമായി സഹകരിച്ച് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് ഡൽഹി പോലീസ് കമ്മിഷണർ അമൂല്യ പട്നായിക്ക് പറഞ്ഞു.