ശാസ്ത്രജ്ഞൻ നന്പി നാരായണന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി നടൻ മാധവൻ സംവിധാനം ചെയ്യുന്ന റോക്കറ്റ്റി: ദ നന്പി ഇഫക്റ്റ് എന്ന ചിത്രത്തിൽ ഷാരുഖ് ഖാൻ മാധ്യമപ്രവർത്തകന്റെ വേഷത്തിൽ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ മാത്രമാണ് ഷാരുഖ് അഭിനയിക്കുന്നതെന്നും അതിഥി വേഷമാണെങ്കിലും ഒരു പ്രധാനപ്പെട്ട വേഷം തന്നെയായിരിക്കും ഷാരുഖ് അവതരിപ്പിക്കുന്നതെന്നും വാർത്തകളുണ്ട്. മാധവന്റെ ആദ്യ സംവിധാന സംരംഭമാണ് റോക്കറ്റ്റി: ദ നന്പി ഇഫക്റ്റ്. ചിത്രത്തിൽ നന്പി നാരായണന്റെ വേഷം ചെയ്യുന്നത് മാധവൻ തന്നെയാണ്.
നന്പി നാരായണന്റെ ആത്മകഥയായ ഓർമകളുടെ ഭ്രമണപഥത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥാ രചനാ വേളയിൽ മാധവൻ നിരവധി തവണ നന്പി നാരായണനെ സന്ദർശിച്ചിരുന്നു.
ഹിന്ദിയിൽ ഷാരുഖ് ചെയ്യുന്ന വേഷം തമിഴിൽ സൂര്യയാകും അവതരിപ്പിക്കുക. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായാണ് റോക്കറ്റ്റി: ദ നന്പി ഇഫക്റ്റ് ഒരുങ്ങുക. 18 വർഷങ്ങൾക്കുശേഷം മാധവനും സിമ്രാനും ഒരുമിക്കുന്ന ചിത്രം കൂടിയാണ് റോക്കറ്റ്റി: ദ നന്പി ഇഫക്റ്റ്. ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിമ്രാനാണ്.
ഗെയിം ഓഫ് ത്രോൺസ് താരം റോൺ ചൊണാച്ചിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സ്കോട്ടിഷ് നടിയായ ഫില്ലില്‍ ലോഗനും ചിത്ര്തതിൽ ഒരു പ്രധാന വേഷം ചെയ്യുന്നു. 2018ൽ പുറത്തിറങ്ങിയ സീറോ ആണ് ഷാരുഖ് ഖാൻ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.