കുമരകം: ഓണ്‍ലൈൻ സ്ഥാപനത്തിന്റെ സ്ക്രാച്ച് ആൻഡ് വിന്നിൽ കാർ സമ്മാനമായി ലഭിച്ചെന്നു തെറ്റിധരിപ്പിച്ച് തട്ടിപ്പിനിരയാക്കിയ ശാരീരിക ന്യൂനതയുള്ള ലോട്ടറി വില്പനക്കാരനു ഫോണിൽ ഭീഷണി.
‘നാപ്ടോൾ’ ഓണ്‍ലൈൻ കന്പനിയുടെ ഭാഗ്യസമ്മാനമായ ഹ്യുണ്ടായ് കാർ ലഭിച്ചുവെന്നു തെറ്റിധരിപ്പിച്ച് തട്ടിപ്പുനടത്താനുള്ള ശ്രമം പോലീസിനെയും മാധ്യമങ്ങളെയും അറിയിച്ചതിനെത്തുടർന്നാണ് ഭീഷണി.
കുമരകം തുണ്ടിയിൽ ടി.ജി. സന്തോഷിനെയാണ് ഫോണിൽ ഭീഷണിപ്പെടുത്തിയത്.
രണ്ട് വർഷം മുന്‍പ് ഈ കന്പനിയിൽനിന്നും 2500 രൂപ നൽകി പല വലിപ്പത്തിലുള്ള എട്ടു ബാഗുകൾ സന്തോഷ് വാങ്ങിയിരുന്നു.
ഈ വർഷം ആദ്യം തപാലിൽ ലഭിച്ച കവറിൽ സ്ക്രാച്ച് കാർഡും മറ്റുവിവരങ്ങളും ഉണ്ടായിരുന്നു. ഈ കാർഡ് ഉരച്ചു നോക്കിയപ്പോഴാണ് കാറാണ് സമ്മാനം എന്നറിയുന്നത്.
കാർഡിൽ നൽകിയിരുന്ന 8335915613 എന്ന നന്പറിൽ വിളിച്ചപ്പോൾ സ്ക്രാച്ച് കാർഡിന്റെ ഫോട്ടോ വാട്ട്സ്ആപ്പിൽ അയച്ചുനൽകാൻ ആവശ്യപ്പെട്ടു.
തുടർന്ന് കാർ വേണോ പണം വേണോ എന്നറിയിക്കാൻ ആവശ്യപ്പെട്ടു. കാറിന് 19.5 ലക്ഷം രൂപ വിലയുണ്ടെന്നും പണമാണ് വേണ്ടതെങ്കിൽ 15.5 ലക്ഷം രൂപ അക്കൗണ്ടിലേക്ക് അയച്ചു തരാമെന്നും അറിയിച്ചു.
പണം മതിയെന്നറിയിച്ചതോടെ അക്കൗണ്ട് നന്പരും ടാക്സ് ഇനത്തിൽ 15,500 രൂപയും അയച്ചുകൊടുക്കണമെന്നായിരുന്നു ആവശ്യം.
കുമരകം പോലീസ് സ്റ്റേഷനിൽ സന്തോഷ് വിവരങ്ങൾ അറിയിച്ചതിനെത്തുടർന്നു സ്റ്റേഷനിൽനിന്നും വിളിച്ചപ്പോൾ സമ്മാനം നൽകുമെന്നും 15,500 രൂപ അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടു.
മുച്ചക്ര സ്കൂട്ടറിൽ ലോട്ടറി വില്‍ക്കുന്ന പാവപ്പെട്ടവന് പണം നൽകാനാകില്ലെന്നും സമ്മാനത്തുകയിൽനിന്നും ടാക്സ് കുറച്ചുള്ള തുക അയച്ചുകൊടുത്താൽ മതിയെന്നും പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
കന്പനി അത് അനുവദിക്കില്ലെന്നും സമ്മാനത്തുക ലഭിച്ചശേഷം ടാക്സ് തുക അയച്ചുകൊടുക്കാമെന്ന് പോലീസ് ഉറപ്പു നൽകിയാൽ മതിയെന്നും കന്പനി പ്രതിനിധി പറഞ്ഞു.
മാസങ്ങൾ മൂന്നൂ കഴിഞ്ഞിട്ടും സന്തോഷിന്റെ അക്കൗണ്ടിൽ പണം എത്തിയില്ല. പിന്നീട് വിളിക്കുന്പോഴെല്ലാം അവ്യക്തമായ മറുപടിയാണ് ലഭിച്ചത്.
സന്തോഷിന് കാർ ലഭിച്ച വാർത്ത പത്രത്തിൽ പ്രസിദ്ധീകരിക്കുമെന്നറിയിച്ചതിനു പിന്നാലെയാണ് സന്തോഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.