ആറ്റിങ്ങല്‍: ബീവറേജസ് കോര്‍പ്പറേഷന്റെ ആറ്റിങ്ങല്‍ ഗോഡൗണില്‍ നിന്ന് 130 പെട്ടികളിലെ 1170 ലിറ്റര്‍ മദ്യം മോഷണം പോയി.
ഗോഡൗണിലെ സ്റ്റോക്ക് പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ നഷ്ടത്തിന്റെ യഥാര്‍ഥ കണക്ക് വ്യക്തമാകൂവെന്ന് അധികൃതര്‍ പറഞ്ഞു.
ഏകദേശം 20 ലക്ഷം രൂപയുടെ മദ്യം നഷ്ടപ്പെട്ടതയാണ് പ്രാഥമിക നിഗമനം. ഗോഡൗണിനകത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് രണ്ടുപേരുടെ ചിത്രങ്ങള്‍ ലഭ്യമായിട്ടുണ്ട്.
നാല് ദിവസങ്ങളിലായാണ് മോഷണം നടന്നിട്ടുള്ളത്. ഗോഡൗണിന്റെ പിന്‍വശത്തെ മേല്‍ക്കൂരയുടെ ഷീറ്റ് ഉയര്‍ത്തി അകത്തുകടന്നാണ് മോഷണം നടത്തിയത്.
വ്യാഴാഴ്ച വര്‍ക്കലയ്ക്കു സമീപം മൂങ്ങോട്ട് നിന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച 54 ലിറ്റര്‍ വിദേശമദ്യം എക്സൈസ് സംഘം പിടികൂടിയിരുന്നു.
വിശദപരിശോധനയില്‍ മദ്യം വ്യാജമല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് കുപ്പികളിലെ ബാച്ച് നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് ആറ്റിങ്ങല്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മദ്യമാണതെന്ന് വ്യക്തമായതും വന്‍മോഷണത്തിന്റെ വിവരം പുറത്തറിഞ്ഞതും.
ഏപ്രില്‍ 27നു ശേഷം ഗോഡൗണ്‍ പ്രവര്‍ത്തിച്ചിട്ടില്ല. മേയ്എട്ടിനു ശേഷമുള്ള നാല് ദിവസങ്ങളിലാണ് മോഷണം നടന്നിട്ടുള്ളത്.
ഗോഡൗണില്‍ രാത്രികാലങ്ങളില്‍ രണ്ട് സുരക്ഷാജീവനക്കാര്‍ കാവലുണ്ടാകും. എന്നാല്‍ മോഷണം നടന്നവിവരം ഇവരും അറിഞ്ഞിരുന്നില്ല.
പോലീസ് -എക്സൈസ് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മോഷണം സംബന്ധിച്ച അന്വേഷണം പോലീസിനാണ്.
സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ടെലിഫോണ്‍ രേഖകളും പോലീസ് ശേഖരിച്ച് വരികയാണ്.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.