പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ പേരുകളോടൊപ്പം ബിരുദങ്ങളും പ്രദർശിപ്പിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടു നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടതോടെ ബോർഡുകളിൽ മാറ്റം വരുത്തി തുടങ്ങി. ഇന്ന് രാവിലെ മുതലാണ് ഡോക്ടർമാരുടെ ബിരുദം ഉൾപ്പെടെയുള്ള ബോർഡുകൾ സ്ഥാപിച്ചത്. പൊതുപ്രവർത്തകനായ പരിയാരം കോരൻപീടികയിലെ കെ.പി.മൊയ്തു നൽകിയ പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളുടെ വിശദീകരണം കമ്മീഷനെ അറിയിക്കാനാണു കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്, ജുഡീഷ്യൽ അംഗം പി.മോഹൻദാസ് എന്നിവർ നിർദേശം നൽകിയത്. മെഡിക്കൽ കോളജ് ഒപികളിലും കാഷ്വാലിറ്റികളിലും ഡ്യൂട്ടി സമയത്ത് രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാരുടെ പേരുകൾ മാത്രമേ ബോർഡുകളിൽ പ്രദർശിപ്പിച്ചിട്ടുള്ളൂ.
തന്നെ പരിശോധിച്ചു ചികിത്സ നിർണയിക്കുന്ന ഡോക്ടർമാരുടെ ബിരുദം എന്താണെന്നറിയാൻ രോഗിക്ക് അവകാശമുണ്ടെന്ന കെ.പി.മൊയ്തുവിന്റെ വാദം അംഗീകരിച്ചാണു വിശദീകരണം തേടിയത്. ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, കണ്ണൂർ ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവരെ എതിർകക്ഷിയാക്കിയാണു പരാതി നൽകിയത്.
എതിർകക്ഷികൾക്കെല്ലാം വിശദീകരണമാവശ്യപ്പെട്ടു കമ്മീഷൻ നോട്ടീസയച്ചിട്ടുണ്ട്. എം ബിബിഎസ് ബിരുദം മാത്രമുള്ള ഡോക്ടർമാർ വിവിധ സ്പെഷാലിറ്റി ഒപികളിൽ തങ്ങളുടെ ബിരുദം വ്യക്തമാക്കാതെ രോഗികളെ പരിശോധിക്കുന്നതു വിവാദമായതോടെയാണു കെ.പി.മൊയ്തു മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
ഇതുകൂടാതെ പ്രവർത്തനമാരംഭിച്ചു കാൽനൂറ്റാണ്ടാകുന്ന മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിലെ പഴക്കം ചെന്ന ഉപകരണങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കുക, കാമ്പസിനകത്തു ക്വാർട്ടേഴ്സ് അനുവദിച്ചിട്ടും എആർഎംഒ സ്വകാര്യ പ്രാക്ടീസിനു വേണ്ടി ആശുപത്രിക്കു പുറത്തു താമസിക്കുന്നത് ഉൾപ്പെടെ നിരവധി ജനകീയ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ടാണു മനുഷ്യാവാശ കമ്മീഷനു പരാതി നൽകിയത്.