ചന്ദ്രയാന്‍-2 ലോകത്തിന്റെ വിജയമെന്നു പറഞ്ഞ പാകിസ്ഥാന്‍കാരി ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്നു ! നമീറ സലിം ആള് ചില്ലറക്കാരിയല്ല…

ചന്ദ്രയാന്‍-2 ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ മൊത്തം വിജയമാണെന്നു പറഞ്ഞ പാകിസ്ഥാന്‍കാരി നമീറ സലിം ബഹിരാകാശത്തേക്ക് പോകാനൊരുങ്ങുന്നു.റിച്ചാര്‍ഡ് ബ്രാന്‍സന്റെ വിര്‍ജിന്‍ ഗാലക്ടിക് എന്ന സ്വകാര്യ കമ്പനിയാണ് നമീറയെ ബഹിരാകാശത്തെത്തിക്കുക. അതിനുള്ള നിര്‍ണ്ണായക പരിശീലനങ്ങള്‍ അവര്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇവര്‍ ചില്ലറക്കാരിയല്ല ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും എത്തിയ ആദ്യ പാക്കിസ്ഥാന്‍കാരി കൂടിയാണ് നമീറ.

2005ലാണ് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ബഹിരാകാശ വിനോദസഞ്ചാരത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. അന്ന് അപേക്ഷ നല്‍കിയ 44,000 പേരില്‍ നിന്നും തിരഞ്ഞെടുത്ത നൂറില്‍ ഒരാളായിരുന്നു പാക്കിസ്ഥാന്‍കാരി നമീറ സലിം. വിര്‍ജിന്‍ ഗാലക്ടികിന്റെ ബഹിരാകാശ സഞ്ചാരി സംഘത്തിലെ ഏക പാക്കിസ്ഥാന്‍കാരിയാണ് അവര്‍. ബഹിരാകാശ യാത്ര യാഥാര്‍ഥ്യമാകാനുള്ള വര്‍ഷങ്ങളുടെ കാത്തിരിപ്പിനിടെ അവര്‍ തന്റെ പല സ്വപ്നങ്ങളും സാധിച്ചെടുക്കുകയും ചെയ്തു.

ഇതിലൊന്നാണ് 2008 ജനുവരിയില്‍ ദക്ഷിണ ധ്രുവത്തിലേക്ക് നടത്തിയ യാത്ര. 2017 ഏപ്രിലില്‍ ഉത്തരധ്രുവത്തിലേക്ക് കൂടി യാത്ര ചെയ്ത് ധ്രുവപ്രദേശങ്ങള്‍ കീഴടക്കുന്ന ആദ്യ പാക്ക് വനിതയെന്ന റെക്കോഡും നമീറ സ്വന്തമാക്കി. എവറസ്റ്റിന് മുകളിലൂടെ 2008ല്‍ സ്‌കൈ ഡൈവിംഗ് നടത്തി അതിന്റെ റെക്കോഡും നമീറ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ കറാച്ചിയില്‍ ജനിച്ച നമീറ മൊണാക്കോയിലും ദുബായിലുമായാണ് താമസിക്കുന്നത്.

കൊളംബിയ സര്‍വകലാശാലയില്‍ നിന്നും രാജ്യാന്തര വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്. പാക്കിസ്ഥാനും മൊണാക്കോയും തമ്മിലെ നയതന്ത്രബന്ധം ഊഷ്മളമാക്കാന്‍ നമീറ നടത്തിയ ഇടപെടല്‍ മൂലം പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പാക്ക് വിനോദ സഞ്ചാരത്തിന്റെ ഹോണററി അംബാസിഡറായി അവരെ നിയമിച്ചിരുന്നു. 2020ലെ ബഹിരാകാശ യാത്രക്ക് മുന്നോടിയായി ആദ്യ സംഘത്തിലെ യാത്രികര്‍ക്ക് പ്രത്യേകം സ്പേസ് സ്യൂട്ടുകള്‍ വിര്‍ജിന്‍ ഗാലക്ടിക് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്.

പരിശീലനത്തിനൊപ്പം ഓരോ യാത്രികരും കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചുള്ള വിശദവിവരങ്ങളും വെര്‍ജിന്‍ ഗാലക്ടിക് തങ്ങളുടെ യാത്രികര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ പരിശീലങ്ങളെല്ലാം താന്‍ 2007ല്‍ നടത്തിയ വൈമാനിക പരിശീലനവുമായി താരതമ്യം ചെയ്യുമ്പോള്‍ എളുപ്പമാണെന്നാണ് നമീറയുടെ അഭിപ്രായം. സാധാരണ ബഹിരാകാശ യാത്രകളെ അപേക്ഷിച്ച് വെര്‍ജിന്‍ ഗാലക്ടിക്കിന്റെ യാത്ര സാധാരണ വിമാനയാത്ര പോലെയാണ് തുടങ്ങുക. പ്രത്യേകം തയാര്‍ ചെയ്ത ഇരട്ട വിമാനത്തിന്റെ മുകളിലായിരിക്കും ബഹിരാകാശ യാനം ഘടിപ്പിച്ചിരിക്കുക.

ഇരട്ട വിമാനം 50000 അടി വരെ ഉയരത്തില്‍ പറന്ന ശേഷമാണ് മാതൃവിമാനത്തില്‍ നിന്നും വേര്‍പെട്ട് ബഹിരാകാശ പേടകം യാത്ര തുടങ്ങുക. വിര്‍ജിന്‍ ഗാലക്ടിക്കിന്റെ സ്‌പേസ്ഷിപ്പില്‍ ഒരു സമയത്ത് ആറു യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. ഒരു ബഹിരാകാശ ടിക്കറ്റിന് 2.50 ലക്ഷം ഡോളറാണ് (17.84 കോടി രൂപ) കമ്പനി ഈടാക്കുന്നത്. 60 രാജ്യങ്ങളില്‍ നിന്നും 600 ലേറെ പേര്‍ ബഹിരാകാശ യാത്രക്ക് സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് വിര്‍ജിന്‍ ഗാലക്ടിക് സിഇഒ ജോര്‍ജ് വൈറ്റ്സൈഡ് പറയുന്നത്. തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനായി കാത്തിരിക്കുകയാണ് നമീറ.

Related posts