ഡൽഹി: പശ്ചിമ ബംഗാളിലെ സിംഹ വിവാദവുമായി ബന്ധപ്പെട്ട ഹർജിയിൽ അക്ബർ, സീത എന്ന പേര് സിംഹങ്ങൾക്ക് നൽകിയത് ശരിയായ നടപടിയല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. പേര് മാറ്റി വിവാദം ഒഴിവാക്കാനും സർക്കാരിനെ കോടതി ഉപദേശിച്ചു.
അതേസമയം, വിഎച്ച്പി നൽകിയ റിട്ട് ഹർജി അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. റിട്ട് ഹർജിയായി ഈ ആവശ്യം നിലനിൽക്കില്ലെന്ന് അറിയിച്ച കോടതി, പൊതുതാൽപര്യ ഹർജിയായി മാറ്റാൻ നിർദേശിച്ചു. പത്ത് ദിവസത്തിനുള്ളിൽ റെഗുലർ ബെഞ്ചിന് മുന്നിൽ സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
അല്ലാതെ തന്നെ ബംഗാളിൽ നിരവധി വിവാദങ്ങളുണ്ട്. ഇതിനിടെ ഈ വിവാദം ഒഴിവാക്കണമായിരുന്നുവെന്നും കോടതി പറഞ്ഞു. മൃഗങ്ങൾക്ക് ഇങ്ങനെ ദൈവങ്ങളുടെയും, നോബേൽ സമ്മാന ജേതാക്കളുടെയും, സ്വാതന്ത്ര്യ സമര സേനാനികളുടെയും പേര് ഇടാമോ എന്നും കോടതി ചോദിച്ചു.
വീട്ടിലെ വളർത്തുനായക്ക് ഏതെങ്കിലും ദൈവങ്ങളുടെ പേര് ഇടുമോ എന്ന് കോടതി സർക്കാർ അഭിഭാഷകനോട് ചോദിച്ചു. സർക്കാർ അഭിഭാഷകൻ്റെ വളർത്തുമൃഗങ്ങളുടെ പേര് എന്തൊക്കെയാണെന്നും കോടതി ആരാഞ്ഞു. സിംഹത്തിന് സ്വാമി വിവേകാനന്ദൻ എന്നോ രാമകൃഷ്ണൻ എന്നോ പേരിടുമോ എന്നും കോടതി ചോദിച്ചു. സിംഹത്തിന് അക്ബർ എന്ന പേരിട്ടതും ശരിയല്ലെന്ന് കുറ്റപ്പെടുത്തിയ കോടതി വേറെ എത്ര പേരുകൾ ഉണ്ടായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
ഫെബ്രുവരി 16നാണ് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിൽ വിഎച്ച്പി വിചിത്ര ഹർജി എത്തിയത്. അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കരുതെന്നായിരുന്നു ഹർജി. വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാൾ ഘടകമാണ് ഹര്‍ജി നല്‍കിയത്.