രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ് നമിത പ്രമോദ്. ഇത്തവണത്തെ വരവിന് ഒത്തിരി പ്രത്യേകതകളുണ്ട്. കിടിലൻ മേക്കോവറുമായാണ് താരം വീണ്ടും സിനിമയിൽ സജീവമാവാൻ ഒരുങ്ങുന്നത്. ഫഹദ് ഫാസിൽ ചിത്രം റോൾ മോഡൽസ്, ദിലീപ് ചിത്രം പ്രഫസർ ഡിങ്കൻ തുടങ്ങിയ ചിത്രങ്ങളിലാണ് നമിത ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഫഹദിന്റെ കൂടെ അഭിനയിക്കാൻ മുൻപും അവസരം ലഭിച്ചിരുന്നു. അന്നയും റസൂലുംഎന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി നമിതാ പ്രമോദിനെ സംവിധായകൻ ക്ഷണിച്ചിരുന്നു. എന്നാൽ ആദ്യസിനിമ റിലീസ് ചെയ്യുന്നതിനിടയിൽ അടുത്ത ചിത്രത്തിൽ അഭിനയിക്കരുതെന്ന ചില നിബന്ധനകൾ ഉള്ളതുകൊണ്ട് ആ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞില്ല. റാഫി ചിത്രമായ റോൾ മോഡൽസിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നു നമിത പറയുന്നു.
ചിത്രത്തിനു വേണ്ടി ചെറിയൊരു മേക്കോവർ നടത്താൻ സംവിധായകൻ നിർദേശിച്ചിരുന്നു. ഈ അവസരം താരം ശരിക്കും ഉപയോഗിച്ചു. മുടി വെട്ടുകയും ടാറ്റൂ പതിപ്പിക്കാനുമൊക്കെയുള്ള മോഹം താരം അങ്ങ് തീർത്തു. നീണ്ട ഇടവേളയ്ക്കു ശേഷം കാണുന്നതിനാൽ പ്രേക്ഷകർക്ക് ഇതൊരു വലിയ മാറ്റമായി തോന്നിയേക്കാമെന്നും താരം പറഞ്ഞു. നാടൻ വേഷങ്ങളാണ് നമിതയ്ക്ക് ലഭിച്ചതിൽ കൂടുതലും.
അതിനാൽത്തന്നെ അത്തരം കഥാപാത്രങ്ങളിൽ നിന്നൊരു മോചനത്തിനാണ് ചെറിയ ബ്രേക്കെടുക്കാൻ തീരുമാനിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിച്ചാൽ മാത്രം മലയാളത്തിൽ അഭിനയിച്ചാൽ മതിയെന്ന തീരുമാനവുമായാണ് നമിത അന്യഭാഷയിലേക്ക് ചേക്കേറിയത്.