തന്റെ ഒരു മികച്ച കഥാപാത്രത്തിന് അഭിനന്ദനം ലഭിച്ചത് സിനിമ തിയറ്ററിൽ വന്നപ്പോഴല്ല, മറിച്ച് ഡിവിഡി ഇറങ്ങിയപ്പോഴാണെന്ന് നടി നമിത പ്രമോദ്. ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത മാർഗംകളി എന്ന ചിത്രത്തിൽ താൻ അവതരിപ്പിച്ച ഊർമിള എന്ന കഥാപാത്രത്തെപ്പറ്റിയാണ് നമിതയുടെ പരാമർശം.
ചിത്രം തിയറ്ററിൽ എത്തിയപ്പോൾ തനിക്ക് അഭിനന്ദനങ്ങളൊന്നും ലഭിച്ചില്ലെന്നും എന്നാൽ ചിത്രത്തിന്റെ ഡിവിഡി ഇറങ്ങിയപ്പോൾ അഭിനന്ദന പ്രവാഹമായിരുന്നെന്നും നമിത പറയുന്നു. ഫേസ്ബുക്കിലാണ് നമിത ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഞാന്‍ ചെയ്ത കഥാപാത്രങ്ങളില്‍ അഭിനേത്രി എന്ന നിലയില്‍ ഞാന്‍ എക്സ്പ്ലോര്‍ ചെയ്ത കഥാപാത്രമാണ് ഊര്‍മ്മിള. ഊര്‍മിളയ്ക്ക് കിട്ടിയ റെസ്പോണ്‍സ് അപാരമായിരുന്നു. സിനിമ നന്നായിട്ടുണ്ട്, സിനിമയിലെ കഥാപാത്രം നന്നായിട്ടുണ്ട് എന്ന് ഒരുപാട് പേര് പറഞ്ഞെങ്കിലും എന്റെ അടുത്ത് ആദ്യമായിട്ടാണ് ഒരു ഗ്രൂപ്പ് ആളുകള്‍ ഈ കഥാപാത്രം ഇത്രത്തോളം ഇന്‍ഫ്ളുവന്‍സ് ചെയ്തിട്ടുണ്ട്, സ്ട്രോങ്ങാണ് കഥാപാത്രത്തിന്റെ ഓരോ ലെയറുകളെ പറ്റി ഒക്കെ സംസാരിക്കുന്നത്.
ഇത്രത്തോളം ആളുകളെ ടച്ച് ചെയ്ത കഥാപാത്രം തിയറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോൾ, ഡിവിഡി ഇറങ്ങിക്കഴിഞ്ഞ് ഇത്രത്തോളം പ്രശംസ നേടി തരുമ്പോള്‍ അഭിനേത്രി എന്ന നിലയില്‍ ഒരുപാട് സന്തോഷവും ഒരല്പം സങ്കടവും ഉണ്ട്. തിയറ്ററില്‍ സിനിമ വിജയിക്കുമ്പോള്‍ മാത്രമാണ് സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകാറുള്ളത് ഊര്‍മിള എന്ന കഥാപാത്രം സ്ക്രീനില്‍ എത്തിക്കാന്‍ എടുത്ത കഠിനാധ്വാനത്തിന് വൈകി കിട്ടിയ അംഗീകാരമായി ഞാന്‍ ഈ മെസ്സേജുകളിലൂടെയുള്ള സ്നേഹത്തെ കാണുന്നു- നമിത പറയുന്നു.