അവസാനം പ്രമുഖ തമിഴ് നടി നമിതയുടെ പ്രശ്‌നത്തില്‍ കോടതി തന്നെ ഇടപെട്ടു. നാഗംബക്കത്തുള്ള തന്റെ താമസസ്ഥലത്തു നിന്ന് നമിതയെ ഭീഷണിപ്പെടുത്തി ഇറക്കിവിടാനുള്ള വീട്ടുടമ കറുപ്പയ്യ നാഗരത്‌നത്തിന്റെ ശ്രമത്തെയാണ് കോടതി നേരിട്ടിടപെട്ട് വിലക്കിയിരിക്കുന്നത്. നമിതയെ വീട്ടില്‍ നിന്നിറക്കി വിടുന്നത് തടഞ്ഞ കോടതി ജനുവരി പന്ത്രണ്ട് വരെ അവിടെ താമസിക്കാന്‍ അനുവാദവും നല്‍കിയിട്ടുണ്ട്. 12ന് കേസ് വീണ്ടും പരിഗണിക്കും.
പ്രത്യേകിച്ചൊരു കാരണവുമില്ലാതെയാണ് തന്നോട് ഇറങ്ങിപ്പോകാന്‍ ഉടമ പറയുന്നതെന്ന് നമിത പറഞ്ഞു. മാസം 15,000 രൂപ കൃത്യമായി വാടക കൊടുത്താണ് കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കഴിഞ്ഞു വന്നത്. ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട വീട്ടുടമസ്ഥന്‍ പലപ്പോഴും സഹായികളെ വിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുമെന്നും വേണ്ടിവന്നാല്‍ ബലം പ്രയേഗിച്ച് ഇറക്കിവിടുമെന്നും അയാള്‍ പറഞ്ഞിരുന്നുവെന്ന് നമിത പാരാതിയില്‍ പറയുന്നു.
യാതൊരു പ്രതിഫലവും വാങ്ങാതെ ഉടമസ്ഥന്റെ ആവശ്യ പ്രകാരം നിരവധി സ്ഥലങ്ങളില്‍ ഉദ്ഘാടനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നിട്ടു പോലും ഒരു ദയയും കാണിക്കാന്‍ അയാള്‍ തയാറാകുന്നില്ല. പെട്ടെന്നിറക്കി വിട്ടാല്‍ തന്റെ കാര്യം വലിയ കഷ്ടത്തിലാകുമെന്നും അതിനാലാണ് കോടതിയെ സമീപിച്ചതെന്നും നമിത മാധ്യമങ്ങളോട് പറഞ്ഞു.