മുൻനിര താരങ്ങൾക്കും സംവിധായകർക്കുമൊപ്പമെല്ലാം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ച നടിയാണ് നമിത. അഭിനേത്രിക്ക് പുറമെ നിർമാതാവായും താരമെത്തി.
തമിഴകത്തു നിന്നു ഗംഭീര സ്വീകരണമാണ് തനിക്ക് ലഭിച്ചതെന്ന് നമിത പറയുന്നു. ഒരഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്.
ശരത് കുമാർ, വിജയകാന്ത്, സത്യരാജ് തുടങ്ങിയവരുടെ നായികയായാണ് ആദ്യം അഭിനയിച്ചത്. അതിന് ശേഷം അജിത്ത്, വിജയ് എന്നിവർക്കാപ്പവും പ്രവർത്തിച്ചു.
ആ സിനിമകളെല്ലാം വൻവിജയമായിരുന്നു. ഗ്ലാമറസ് കഥാപാത്രങ്ങൾ ഏറ്റെടുക്കാൻ മടിയില്ലാത്തയാളാണ് ഞാൻ- നമിത പറഞ്ഞു.
സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും, ആ കഥാപാത്രത്തെ അവതരിപ്പിക്കാനായില്ലെന്നും നമിത വിഷമത്തോടെ പറഞ്ഞു. ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിൽ രംഭ അവതരിപ്പിച്ച വേഷം ചെയ്യാനായിരുന്നു പറഞ്ഞത്.
ആ സമയത്തൊന്നും എനിക്കു മാനേജർ ഒന്നുമുണ്ടായിരുന്നില്ല. എന്തുകൊണ്ടോ അതു ചെയ്യാൻ കഴിഞ്ഞില്ല. ക്രോണിക് ബാച്ചിലറിന്റെ തമിഴ് പതിപ്പിൽ അഭിനയിച്ചിരുന്നു. മലയാള പതിപ്പ് നഷ്ടമായതിൽ ഇപ്പോഴും സങ്കടമുണ്ട്-നമിത പറയുന്നു.
കഥയുടെ അവതരണം മാറി. പുതിയ താരങ്ങൾ വരുന്നു, പ്രേക്ഷകർ മാറുന്നു. ’എങ്കൾ അണ്ണ’ കണ്ട സമയത്തെ പ്രേക്ഷകരല്ല ഇപ്പോൾ . വിജയ്യുടെയും അജിത്തിന്റെയും സിനിമയിൽ അനുയോജ്യമായ കഥാപാത്രങ്ങൾ ഇല്ലാത്തതിനാലാവും സംവിധായകർ വിളിക്കാത്തത്. എല്ലാ ശുഭപ്രതീക്ഷയിൽ കാണുകയും സമീപിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ.
അജിത്തിനൊപ്പം അഭിനയിച്ച ബില്ലയും വിജയ് യുടെ അഴകിയ തമിഴ് മകനുമാണ് എന്റെ പ്രിയ സിനിമകൾ . ഞാൻ കണ്ട ഏറ്റവും നല്ല വ്യക്തിത്വത്തിനുടമയും കഠിനാധ്വാനിയായ നടനും പ്രഭാസാണ്. തെലുങ്ക് ബില്ലയിൽ അഭിനയിച്ചപ്പോൾ അതു കണ്ടറിഞ്ഞുവെന്നും താരം പറയുന്നു.
അഞ്ചു ഭാഷയിൽ അഭിനയിച്ചു. ഒരു നോട്ടം കൊണ്ടുപോലും മോശം അനുഭവം ഉണ്ടായില്ല. കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി പലരും പറയാറുണ്ട്. ഒരുപക്ഷേ അവർക്ക് നേരിട്ടിട്ടുണ്ടാവും. ഒതുങ്ങിയ സ്വഭാവമാണ് എന്റേത്. സിനിമയിൽ അധികം സൗഹൃദങ്ങളില്ല. ഒരാളുമായി അത്രപെട്ടെന്ന് സൗഹൃദം സ്ഥാപിക്കാനും കഴിയില്ല.
ആവശ്യമില്ലാതെ ഒരിടത്തും പോവില്ല. ഷൂട്ടില്ലെങ്കിൽ വീട്ടിലുണ്ടാവും. അധികം പുറത്തുപോവാറുമില്ല. ഞാൻ, ഭർത്താവ്, വീട്ടുകാർ. ഇതാണ് എന്റെ ലോകമെന്നും നമിത പറയുന്നു.