ഗൃഹാതുര സ്മൃതികളാണ് ഓരോ ഓണക്കാലവും കൊണ്ടുവരുന്നത്. പത്തു ദിവസം അത്തപ്പൂക്കളമിടുന്നതും ഓണക്കോടിയും ഓണസദ്യയുടെ മധുരവുമെല്ലാം ആ നല്ല കാലത്തിലേക്ക് നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്നു. തൊടിയില്‍ നിന്ന് പൂക്കളിറുത്ത് പൂക്കളമിട്ടതും മുത്തച്ഛന്‍ സമ്മാനിച്ച ഓണക്കോടി വര്‍ഷങ്ങള്‍ക്കിപ്പുറം നിധി പോലെ സൂക്ഷിച്ചു വച്ചതും ഓണക്കളികളുമായി നടന്നതുമൊക്കെ ഓര്‍ത്തെടുക്കുകയാണ് നടി നമിത പ്രമോദ്. നമിതയുടെ ഓണവിശേഷങ്ങളിലേക്ക്…
കുടുംബവീട്ടിലെ ഓണം
പണ്ട് ഓണം ഞങ്ങളുടെ കുടുംബവീട്ടിലായിരുന്നു ആഘോഷിച്ചിരുന്നത്. ആ കാലം നല്ല രസമായിരുന്നു. കുടുംബത്തിലെല്ലാവരും ഒരുമിച്ചുണ്ടാകും. എന്റെ അച്ഛന്റെ വീടു കുമരകത്താണ്. അമ്മയുടേത് തിരുവനന്തപുരത്തും. തിരുവനന്തപുരത്തായാലും, കുമരകത്തായാലും ഓണത്തിന് ഞങ്ങള്‍ കുട്ടികള്‍ രാവിലെ എഴുന്നേറ്റ് കുളിക്കും.
അന്നത്തെ ദിവസമായിരിക്കും അതിരാവിലെ എല്ലാവരും കുളിക്കുന്നത്. എന്നിട്ട് അമ്പലത്തില്‍ പോകും. പിന്നെ ചുറ്റുവത്തു നിന്നു കിട്ടുന്ന പൂക്കളൊക്കെ ശേഖരിച്ച് അത്തപൂക്കളമിടും. കുമരകം എന്നു പറഞ്ഞാല്‍ ശരിക്കും ഗ്രാമമാണ്. അവിടെ അത്യാവശ്യം പൂക്കളൊക്കെ ഉണ്ടാകും. എന്നാല്‍ ഓണത്തിന് തിരുവനന്തപുരത്താണെങ്കില്‍ പൂക്കള്‍ കൂടുതലും പുറത്തുനിന്നും വാങ്ങുകയാണ് പതിവ്. സിറ്റിയായതുകൊണ്ട് വീടുനു ചുറ്റും ബില്‍ഡിംഗാണ്.
പൂക്കളൊന്നും ഉണ്ടാവില്ല. പുറത്തുനിന്നും പൂക്കള്‍ വാങ്ങിയാണ് അത്തമിടുന്നത്. കോമ്പസില്‍ ചോക്ക് വച്ച് കളം വട്ടത്തില്‍ വരയ്ക്കും. എന്നിട്ടതില്‍ പൂക്കളമിടും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പൂക്കളമത്സരമൊക്കെ ഉണ്ടായിരുന്നു. പല ഹൗസായും ഗ്രൂപ്പായും വേര്‍തിരിച്ച് എല്ലാവരുടെയും കൈയില്‍ നിന്നു കുറേശെ കാശൊക്കെ വാങ്ങി പൂക്കള്‍ മേടിച്ച് പൂക്കളമിടും. പൂക്കളമിടീല്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനവും ഉണ്ടാകും.
ഗംഭീരം തിരുവനന്തപുരത്തെ ഓണസദ്യ
തിരുവോണ സദ്യ എല്ലാവരും ഒരുമിച്ചിരുന്നാണ് ഉണ്ണുക. കാരണം വര്‍ഷത്തില്‍ വിഷുവിനും ഓണത്തിനും മാത്രമായിരിക്കും ചിലപ്പോള്‍ സദ്യയുണ്ടാക്കുന്നത്. ഞങ്ങളുടെയൊക്കെ പിറന്നാള്‍ വരുമ്പോള്‍ സ്വഭാവികമായും എന്തെങ്കിലും നോണ്‍വെജ് വിഭവങ്ങള്‍ ഉണ്ടാക്കാനാണ് പറയുക. അപ്പോള്‍ സദ്യ ഓണത്തിനും, വിഷുവിനും മാത്രമായിരിക്കും. നല്ലവണ്ണം ആസ്വദിച്ചാണ് സദ്യ കഴിക്കുന്നത്.
തിരുവനന്തപുരത്തെ സദ്യയില്‍ എല്ലാ ഐറ്റംസും ഉണ്ടാകും. അവിടം കഴിഞ്ഞ് കോട്ടയം, എറണാകുളം വരുമ്പോള്‍ ഇത്ര ഗംഭീര സദ്യയൊന്നും ഞാന്‍ കണ്ടിില്ല. തിരുവന്തപുരത്ത് ശരിയായ ഓര്‍ഡറിലാണ് സദ്യയൊരുക്കുന്നത്. അവസാനം നല്ല ബോളിയും, പാല്‍പായസവും കൂടി കഴിക്കും.
അതോര്‍ക്കുമ്പോള്‍ കൊതി വരും. ഇപ്പോഴും തിരുവനന്തപുരത്ത് ബന്ധുക്കളുടെ കല്യാണം ഉണ്ടാവണേയെന്ന് പ്രാര്‍ഥിക്കുന്ന ആളാണ് ഞാന്‍. കാരണം ബോളി എന്നു പറയുന്നത് തിരുവനന്തപുരത്തുകാരുടെ സ്‌പെഷ്യല്‍ ആണ്. എറണാകുളത്തൊന്നും അതു കിട്ടാനില്ല. അതെനിക്കേറെ പ്രിയപ്പെട്ടതാണ്.
സദ്യ കഴിച്ച് ഉറക്കം വരുന്നുവെന്നു തോന്നുന്ന സമയത്ത് ടിവിയിലെ ഏതെങ്കിലും നല്ല സിനിമ കാണും. പിന്നെ കിടന്നുറങ്ങും. എന്നാല്‍ കുമരകത്ത് അങ്ങനെയല്ല. ഞങ്ങളുടെ വീടിന്റെ മുന്‍പില്‍ പുഴയാണ്. പുറകില്‍ നെല്‍വയലും. നല്ല ഭംഗിയുള്ള സ്ഥലമാണ്. നിറയെ മരങ്ങളും തോടും ഒക്കെയുണ്ട്. വൈകുന്നേരം എല്ലാവരും കാറ്റൊക്കെ കൊണ്ട് പുറത്തിറങ്ങിയിരിക്കും. ഇടയ്ക്ക് ഞങ്ങള്‍ സൈക്കിള്‍ ഓടിക്കാന്‍ പോകും.
സ്മരണയുണര്‍ത്തുന്ന ഓണക്കളികള്‍
ഓണത്തിന് പല പല കളികളുണ്ടാകും. കൊന്തിക്കളിയും കുട്ടിയും കോലുമൊക്കെ കളിക്കും. പിന്നെ ഞങ്ങള്‍ കുട്ടികള്‍ കളിവീടുണ്ടാക്കി അതില്‍ കഞ്ഞീം കറിയും വച്ച് കളിക്കും. കൂട്ടത്തിലൊരാള്‍ ജോലി കഴിഞ്ഞ് വരുന്നതുപോലെയൊക്കെ അഭിനയിച്ചായിരിക്കും കളിക്കുക. അതൊക്കെ ഓണസ്മരണകളുര്‍ണത്തുന്ന കളികളാണ്.
സെലിബ്രിറ്റി ഓണം
എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല എന്താണ് ഈ സെലിബ്രിറ്റി ഓണമെന്ന്. എന്റെ മനസില്‍ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കു വന്നതിന്റെ മാറ്റം മാത്രമാണ് ഉള്ളത്. ബന്ധുക്കളൊക്കെ അവിടെയാണ്. സിനിമാതാരമായതിനുശേഷമാണ് കൊച്ചിയിലേക്ക് താമസം മാറിയത്. ഇത്തവണ ഓണത്തിന് തിരുവനന്തപുരത്തേയ്ക്ക്‌പോകാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ പോവില്ല.
ഇല്ലെങ്കില്‍ പോകും. ഇവിടെ കൊച്ചിയില്‍ വിവിധ മതസ്ഥരായ സുഹൃത്തുക്കളുണ്ട്. അവരെയൊക്കെ ഓണസദ്യയ്ക്കു ക്ഷണിക്കും. മുസ്ലീം, ക്രിസ്ത്യന്‍, നോര്‍ത്തിന്ത്യന്‍ സുഹൃത്തുക്കളുടെ ആഘോഷങ്ങള്‍ക്കൊക്കെ ഞാന്‍ പോവാറുണ്ട്. അതൊക്കെ ജീവിതത്തില്‍ രസമുള്ള ഓര്‍മകളല്ലേ, അങ്ങനെയുള്ള ഷെയറിംഗാണ് ഇപ്പോള്‍ ഓണമെന്നു പറയുന്നത്. എല്ലാവരും പരസ്പരം ഒരുമിച്ച് കൂടുന്ന ദിവസം.
ഓണത്തിനു ഷൂട്ടിംഗ്
കഴിഞ്ഞുപോയ ചിത്രങ്ങള്‍ ഓണവുമായി ബന്ധപ്പെട്ട്, എടുത്തു പറയത്തക്കതായി ഒന്നുമില്ല. ഇത്തവണ ഓണത്തിന് പുതിയ ചിത്രമായ പ്രാഫ. ഡിങ്കന്റെ ഷൂട്ടിംഗ് സെറ്റിലായിരിക്കും. അല്ലാതെ റിലീസ് ചിത്രങ്ങള്‍ ഒന്നുമില്ല.
അപ്പൂപ്പന്‍ തന്ന ഓണസമ്മാനം
കുടുംബത്തിലെ കുട്ടികള്‍ക്ക് എല്ലാവര്‍ഷവും ഓണസമ്മാനമായി ഓണക്കോടി എടുത്തു കൊടുക്കും. അമ്മൂമ്മ യ്ക്കും എടുക്കും. എല്ലാവര്‍ഷവും മുടങ്ങാതെ ചെയ്യുന്നതാണിത്. ഞാന്‍ സിനിമയിലെത്തിയതിനുശേഷം ഓണക്കോടി ഞാനാണ് എടുത്തു നല്‍കുന്നത്.
കുട്ടികള്‍ വലുതായപ്പോള്‍ അവരുടെയൊന്നും ഡ്രസിന്റെ അളവറിയില്ല. എല്ലാവര്‍ക്കും പുതിയ ഡ്രസ് വാങ്ങാനുള്ള പൈസ കൊടുക്കും. അവര്‍ക്ക് ഇഷ്ടമുള്ളത് അവര്‍ പോയി വാങ്ങട്ടെ എന്നു വിചാരിക്കും. എനിക്കു ഓണസാനമായി സാരിയൊക്കെ അമ്മൂമ്മയും, വല്ല്യമ്മയും വാങ്ങി നല്‍കാറുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അപ്പൂപ്പന്‍ ഓണസാനമായി തന്ന വസ്ത്രങ്ങളൊക്കെ ഇപ്പോഴും ഞാന്‍ നിധിപോലെ സൂക്ഷിച്ചുവച്ചിുണ്ട്.
ഇഷ്ടസാരി
എനിക്ക് ലിനന്റെ സാരികളാണ് കൂടുതല്‍ ഇഷ്ടം. ജൂട്ടിന്റെ സാരികളും ഇഷ്ടമാണ്. സെറ്റുസാരി ഉടുക്കാറുണ്ട്. ലിനന്റെ വ്യത്യസ്തമായ സാരികളാണ് കൂടുതലും ഉപയോഗിക്കുന്നത്. എന്റെ സാരി കളക്ഷനില്‍ പട്ടുസാരി കുറവാണ്.
ഇഷ്ടനിറം
എന്റെ ഇഷ്ടനിറങ്ങള്‍ ബ്ലാക്കും ഗ്രേയുമാണ്
ഇഷ്ടവസ്ത്രം
അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. ചുരിദാറും ജീന്‍സും ടോപ്പുമൊക്കെ ധരിക്കാറുണ്ട്. ചിലപ്പോള്‍ സാരി ധരിക്കും. സാരിയുടുക്കുന്നത് ഏറെയിഷ്ടവുമാണ്. എല്ലാ സ്ത്രീകളെയും സാരിയുടുത്തു കാണാന്‍ നല്ല ഭംഗിയാണ്.
ഓണപ്പാട്ട്
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഓണപ്പാട്ട് എഴുതാന്‍ വേണ്ടി ഞാന്‍ കാണാതെ പഠിച്ച പാട്ടാണ് ‘ഓണത്തപ്പാ കുടവയറാ, നാളെ കഴിഞ്ഞാല്‍ തിരുവോണം…’ ആ ഓണപ്പാട്ട് എനിക്കേറെയിഷ്ടമാണ്.
ഓണച്ചിത്രങ്ങള്‍
ഇത്തവണ ഓണത്തിന് ദിലീപേട്ടന്‍ നായകനായ പ്രഫ. ഡിങ്കന്‍ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഷൂട്ടിംഗ് ഷെഡ്യൂള്‍ ആയിവരുന്നു. പക്ഷേ, അതിന്റെ റിലീസ് ഓണത്തിനുണ്ടാവില്ല. ലേറ്റാകും. ത്രീഡിയായതുകൊണ്ട് കുറെ സമയം എടുക്കും. ത്രീഡി ചെയ്യാന്‍ വേണ്ടി പ്രത്യേക ടീം മുംബൈയിലുണ്ട്.
അവര്‍ ഒാരോ ഷോട്ട് എടുത്ത് അത് ത്രീഡിയിലേക്കു കണ്‍വെര്‍ട്ടു ചെയ്ത് അതുകണ്ട് അങ്ങനെയാണ് എടുക്കുന്നത്. ഓണത്തിനു വര്‍ക്ക് നടക്കുകയാണെങ്കില്‍ പ്രഫ. ഡിങ്കന്റെ സെറ്റിലായിരിക്കും ഓണാഘോഷം അല്ലെങ്കില്‍ കൊച്ചിയിലെ വീട്ടിലായിരിക്കും. അത്തപ്പൂക്കളമൊക്കെയിടും. അതു പണ്ട് ഇടുന്നപോലെ നന്നാവണമെന്നില്ല. എന്റെ അച്ഛനും അമ്മയുമൊക്കെ നമ്മുടെ നാടന്‍ രീതികള്‍ എപ്പോഴും വേണമെന്ന് പറയുന്നവരാണ്.
അന്യഭാഷാചിത്രങ്ങള്‍
രണ്ടു തെലുങ്കു ചിത്രങ്ങളിലും, പ്രിയദര്‍ശന്‍ സാറിന്റെ ഒരു തമിഴ്ചിത്രത്തിലും അഭിനയിച്ചു. പ്രിയന്‍സാര്‍ മാസ്റ്റര്‍ മേക്കറാണ്. എനിക്കു നല്ലതുപോലെ ടെന്‍ഷന്‍ ഉണ്ടായിരുന്നു വര്‍ക്ക് ചെയ്യാന്‍ പോകുന്ന സമയത്ത്. അദ്ദേഹത്തിന്റെ രൂപം കാണുമ്പോള്‍ ഭയങ്കര സീരിയസ് ആണെന്നു തോന്നും.
പക്ഷേ, എന്നോട് ഒരു മകളെപ്പോലെയാണ് പെരുമാറിയത്. എല്ലാ കാര്യങ്ങളും പറഞ്ഞു മനസിലാക്കി തരും. ആ സിനിമ വലിയ കുഴപ്പമില്ലാതെ പോയി. മലയാളം പോലെയല്ല തമിഴ്. അവര്‍ക്ക് അവരുടേതായ കള്‍ച്ചര്‍ ഉണ്ട്. ഉദയനിധിയായിരുന്നു ആ ചിത്രത്തില്‍ എന്റെ ഹീറോ.
പഠനം
ഞാന്‍ ഇപ്പോള്‍ ബിഎസ്ഡബ്ല്യു സെക്കന്‍ഡ് ഇയറാണ്. ആദ്യം സെന്റ് തെരേസാസ് കോളജില്‍ ബിഎ സോഷ്യോളജിക്കാണ് ചേര്‍ന്നത്. അറ്റന്‍ഡന്‍സ് പ്രശ്‌നം മൂലം അതു പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. സോഷ്യല്‍ വര്‍ക്ക് എനിക്കേറെയിഷ്ടമാണ്.
കുടുംബവിശേഷങ്ങള്‍
എന്റെ അച്ഛന്റെ പേര് പ്രമോദ്. അമ്മയുടെ പേര് ഇന്ദു. ഹോംമേക്കറാണ്. ഒരനിയത്തിയുണ്ട്. അകിത. പ്ലസ് വണ്ണിനു പഠിക്കുന്നു.
വിചിത്ര ശ്രീനിവാസന്‍