കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപ് ഇപ്പോള്‍ പരമാവധി മാധ്യമങ്ങളില്‍ നിന്ന് അകന്നാണ് ജീവിക്കുന്നത്. പുതിയ ഹോട്ടലിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദുബായിക്ക് പോയ ദിലീപ് എയര്‍പോര്‍ട്ടില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തു സംസാരിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ആ സമയത്ത് അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തക ആ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കികൊണ്ട് രംഗത്തെത്തിയിരുന്നു.
ദിലീപ് ഒന്നും സംസാരിക്കില്ലെന്ന് മനസിലാക്കികൊണ്ടുതന്നെ അന്ന് തങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് പോയില്ലെന്നും അദ്ദേഹം ഒന്നും പറഞ്ഞില്ലെന്നും അവര്‍ പറയുകയുണ്ടായി. അതുകൊണ്ടുതന്നെ, നടന്‍ ഷൂട്ടിംഗുമായി തിരക്കിലാണെന്ന് അറിയാമെങ്കിലും ദിലീപുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍, അദ്ദേഹത്തിന്റെ നിലവിലെ മാനസികാവസ്ഥ എങ്ങനെയാണെന്നോ അദ്ദേഹം സിനിമാസെറ്റില്‍ എങ്ങനെയാണ് പെരുമാറുന്നതെന്നോ സംബന്ധിച്ച വിവരങ്ങള്‍ ആര്‍ക്കും ലഭ്യമല്ല. എന്നാല്‍ ഇക്കാര്യങ്ങള്‍ അറിയാന്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കും ഒപ്പം ശത്രുക്കള്‍ക്കും അതിയായ ആഗ്രഹമുണ്ടുതാനും.
ഈയവസരത്തിലാണ് തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പങ്കുവച്ച കൂട്ടത്തില്‍ നടി നമിതാ പ്രമോദ് തന്നോടൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുന്ന ദിലീപിനെക്കുറിച്ചും പരാമര്‍ശിച്ചത്. രണ്ട് ചിത്രങ്ങളുടെ തിരക്കിലാണ് ദിലീപ് ഇപ്പോഴെന്നും താന്‍ നായികയാവുന്ന കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാമെന്നും നമിത പ്രമോദ് പറഞ്ഞു.
നമിതയുടെ വാക്കുകള്‍ ഇങ്ങനെ…’ജയിലിലേക്ക് പോകുന്നതിന് മുമ്പും ജയിലില്‍ പോയി വന്ന ശേഷവും ഞാന്‍ ദിലീപേട്ടനൊപ്പം അഭിനയിക്കുന്നു. സെറ്റില്‍ ദിലീപേട്ടന്‍ യാതൊരു തരത്തിലുള്ള നിരുത്സാഹവും കാണിക്കുന്നില്ല. സാധാരണ പോലെ തന്നെയാണ് അഭിനയവും പെരുമാറ്റവും. അദ്ദേഹത്തില്‍ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. അത് സെറ്റില്‍ എല്ലാവര്‍ക്കും പ്രചോദനമാണ്. കാരണം പ്രധാന അഭിനേതാവ് മൂഡ് ഓഫ് ആയിരുന്നാല്‍ അത് ആ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ മുഴുവന്‍ ബാധിക്കും. കുറ്റക്കാരനെന്ന് കോടതി വിധിക്കാത്തിടത്തോളം കാലം അദ്ദേഹത്തിന് വിഷമിക്കേണ്ടതോ നിരാശപ്പെടേണ്ടതോ ആയ കാര്യമില്ലല്ലോ. ചുരുക്കി പറഞ്ഞാല്‍ ജീവിതത്തില്‍ സംഭവിച്ച ആ തിരിച്ചടികള്‍ക്ക് അദ്ദേഹത്തെ മാറ്റാന്‍ സാധിച്ചിട്ടില്ല’. നമിത പറയുന്നു.
നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാവുന്നതിന് മുന്‍പേ കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം ഷൂട്ടിംഗ് പുനരാരംഭിക്കുകയായിരുന്നു. ദിലീപിനൊപ്പം നമിത അഭിനയിക്കുന്ന അഞ്ചാമത്തെ സിനിമയാണ് കമ്മാരസംഭവം. സൗണ്ട് തോമ, വില്ലാളി വീരന്‍, ചന്ദ്രേട്ടന്‍ എവിടെയാ പ്രൊഫസര്‍ ഡിങ്കന്‍ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.